പെരുമ്പാവൂരില്‍ രണ്ടുനില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു

എറണാകുളം പെരുമ്പാവൂരിൽ ഇരു നില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 13 കാരൻ മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിനാരായണന്‍ ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളെ ഗുരതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച കുട്ടിയുടെ മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിയെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാവിലെ 6.45-നാണ് സംഭവം. രണ്ടുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞാണ് ദുരന്തം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഏഴു പേര്‍ ഉണ്ടായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്നവരാണ് വീടിനടിയില്‍ കുടുങ്ങിയത്.

അപകട സമയത്ത് മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ ഒരാൾ മുകളിലെ നിലയിലും മറ്റുള്ളവർ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്.

പെരുമ്പാവൂര്‍ മുവാറ്റുപുഴ നിലയങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ ജെസിബി ഉപയോഗിച്ച് വീടിന്റെ പിന്‍വശം പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ലാബിനും കട്ടിലിനും ഇടയില്‍ ഞെരുങ്ങിയ നിലയിലയില്‍ കിടന്നിരുന്ന രണ്ടു പേരെയും കട്ടിലിന്റെ കാലുകള്‍ മുറിച്ചുമാറ്റി പുറത്തെടുക്കുകയായിരുന്നു.

കാലപ്പഴക്കമുള്ള വീടായത് കൊണ്ടാവാം അപകടമുണ്ടായതെന്നാണ് ഫയർഫോയ്‌സിന്റെയും പൊലീസിന്റെയും നിഗമനം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!