ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നുവീണു, രണ്ട് പൈലറ്റുമാർ മരിച്ചു – വീഡിയോ

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിലെ ബാർമർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം തകർന്നുവീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അര കിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മരിച്ചതായി എയർ ഫോഴ്സ് ട്വീറ്റ് ചെയ്തു. പരിശീലന വിമാനമാണ് തകർന്ന് വീണത്. വിമാനത്തിൽ കൂടുതൽ പൈലറ്റുമാരുണ്ടായിരുന്നോ എന്നും അന്വോഷിക്കുന്നുണ്ട്.

അപകടസമയത്ത് ബൈതു മേഖലയിൽ മിഗ് വിമാനം പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് വ്യോമസേന അന്വോഷണം പ്രഖ്യാപിച്ചു.

“ജീവനാശത്തിൽ IAF അഗാധമായി ഖേദിക്കുന്നു, മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് ഒരു കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്,” ഇന്ത്യൻ എയർഫോഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

രാഷ്ട്രത്തിനായുള്ള അവരുടെ സേവനം ഒരിക്കലും മറക്കാനാവില്ലെന്ന് വ്യോമസേനാ പൈലറ്റുമാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

“അപകടത്തിൽപ്പെട്ടപ്പോൾ രണ്ട് IAF പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിയുന്നതിൽ അഗാധമായ ദുഃഖമുണ്ട്. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. ഈ നഷ്ടം താങ്ങാൻ അവർ ശക്തരായിരിക്കട്ടെ. ഞങ്ങളും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുകൊള്ളുന്നു” എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

 

 

 

 

കൂടുതൽ വിവരങ്ങൾ ഉടൻ…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!