സയാമീസ് ഇരട്ടകളായ മവദ്ദയുടേയും റഹ്മയുടേയും വേർപ്പിരിക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി; കുട്ടികൾ നിരീക്ഷണത്തിൽ – വീഡിയോ

യെമൻ സയാമീസ് ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും വേർപിരിക്കൽ ശസ്ത്രക്രിയ സങ്കീർണ്ണതകളില്ലാതെ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ റിയാദിലെ കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ: അബ്ദുല്ല അൽ റബിയയാണ് ഇക്കാര്യം അറിയിച്ചത്.

മവദ്ദയും റഹ്മയും ദൈവം ഇച്ഛിച്ചാൽ ആരോഗ്യവാന്മാരായി ഇരു മെയ്യായി പുറത്ത് വരുമെന്നും അൽ റബീഅ പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം കുട്ടികളെ പുറത്തേക്ക് കൊണ്ടുവരുന്നു.

 

 

റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയാണ് കുട്ടികളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ ആരംഭിച്ചത്.

രണ്ട് മണിക്കൂറോളം എടുത്തേക്കാവുന്ന അനസ്തേഷ്യ ഘട്ടത്തിനും തുടർന്ന് അണുനശീകരണ ഘട്ടത്തിനും ശേഷമാണ് കരളിനെയും കുടലിനെയും വേർതിരിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്.

ശസ്ത്രക്രിയയ്ക്ക് 11 മണിക്കൂർ സമയമെടുക്കുമെന്ന് ഡോ. അൽ-റബിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് 6 ഘട്ടങ്ങളിലായി നടത്തുമെന്നും ടെക്നീഷ്യൻമാർക്കും നഴ്‌സിംഗ് സ്റ്റാഫുകൾക്കും പുറമെ 28 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. മൂന്ന് മാസം പ്രായമുള്ള മവദ്ദയും റഹ്മയും യെമനിലെ ഏദനിലാണ് ജനിച്ചത്. നെഞ്ചും വയറും ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച ഇവരെ വേർപ്പെടുത്തലിനായി സൌദിയിലേക്ക് കൊണ്ടുവന്നത് സൌദി രാജാവിൻ്റെ പ്രത്യേക നിർദേശപ്രകാരമാണ്.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന് കുട്ടികളുടെ പിതാവ് സർവ്വശക്തനെ സ്തുതിച്ചു. പ്രാർത്ഥിച്ചവരോടെല്ലാം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!