ഷാബാ ഷരീഫിനെ വെട്ടിനുറുക്കി പുഴയിൽ ഒഴുക്കി; കേക്ക് മുറിച്ച് ഫസ്നയും ഷൈബിനും, ഫസ്നയെ നാടകീയമായി അറസ്റ്റ് ചെയ്തു

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ച ശേഷം വെട്ടിക്കൊന്നു നുറുക്കി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ മേപ്പാടി സ്വദേശി ഫസ്ന കൈപ്പഞ്ചേരിയെ (28) നിലമ്പൂർ പൊലീസ് വയനാട്ടിലെത്തി അറസ്റ്റ് ചെയ്തു.

അറസ്റ്റ് ഒഴിവാക്കുന്നതിനായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയ ഫസ്ന അവിടെനിന്ന് ഒളിവിൽപോകാൻ ശ്രമിക്കുമ്പോഴാണു പിടിയിലായത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷാബാ ഷരീഫിനെ ഒളിവിൽ പാർപ്പിച്ച നിലമ്പൂർ മുക്കട്ടയിലെ സ്ഥിരം താമസക്കാരിയാണു ഫസ്ന. ഫസ്നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ മറ്റു പ്രതികളെ സഹായിച്ചുവെന്നും അന്വേഷണസംഘം പറയുന്നു.

ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ഒഴുക്കിയ ദിവസം രാത്രി ഫസ്നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഫസ്‌നയെ പലപ്രാവശ്യം സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും പൊലീസിനോടു സഹകരിച്ചില്ല.

അറസ്റ്റ് ചെയ്ത മറ്റു പ്രതികളെ ചോദ്യം ചെയ്തതിലാണ് ഫസ്നയുടെ പങ്ക് വ്യക്തമായത്. ഇതോടെ ഫസ്ന ഒളിവിൽ പോകുകയും മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പൊലീസ് പിന്തുടരുന്ന വിവരം മനസ്സിലാക്കിയപ്പോഴാണ് ഫസ്ന എറണാകുളത്തുനിന്നു വയനാട്ടിലെത്തി ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും അന്വേഷണസംഘം പറഞ്ഞു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്ക് അയച്ചു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം, ഇൻസ്പെക്ടർ പി.വിഷ്ണു, എസ്ഐമാരായ നവീൻഷാജ്, എം.അസ്സൈനാർ, എഎസ്ഐമാരായ റെനി ഫിലിപ്പ്, അനിൽകുമാർ, സതീഷ് കുമാർ, വി.കെ.പ്രദീപ്, എ.ജാഫർ, എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി.അഷ്റഫ് അലി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. വിയ്യൂർ സെൻട്രൽ ജയിലിലുള്ള ഷൈബിന്റെ ജാമ്യ ഹർജി 29ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്.

ജയിലിൽ മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് ഷൈബിന്റെ പരാതി ഇന്ന് നിലമ്പൂർ കോടതി പരിഗണിക്കും. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണു ഷൈബിൻ.

ശസ്ത്രക്രിയ നടത്തിയ കോവൈയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഷൈബിന്റെ ആവശ്യം. പരാതിയിൽ കോടതി ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തേടി. പൊലീസ് പിടിച്ചെടുത്ത ആഡംബര കാർ വിട്ടുകിട്ടണമെന്ന് ഷൈബിന്റെ ഹർജി ഇന്ന് മജിസ്ട്രട്ട് കോടതി മുൻപാകെ എത്തുന്നുണ്ട്.

 

നാടകീയ നീക്കത്തിലൂടെ ഫസ്നയെ പൊലീസ് അറസ്റ്റ് ചെയ്തു. 

നേരത്തേ ഹൈക്കോടതിയിൽ ഫസ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. നിലവിൽ പ്രതിയല്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. അറസ്റ്റ് വേണ്ടിവന്നാൽ മുൻകൂർ നോട്ടിസ് നൽകണമെന്ന നിർദേശത്തോടെ അപേക്ഷയിൽ കോടതി തീർപ്പു കൽപിച്ചു. മേപ്പാടിയിലെ വീട്ടിൽ 21ന് നോട്ടിസ് നൽകാൻ പൊലീസ് എത്തിയപ്പോൾ ഫസ്ന എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർന്ന് നോട്ടിസ് പതിച്ചു. എറണാകുളത്തുനിന്ന് ഡിസ്ചാർജ് വാങ്ങി 25നു രാവിലെ മേപ്പാടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് പൊലീസ് എത്തി. വൈകിട്ട് ഡിസ്ചാർജ് ചെയ്ത ഉടൻ അറസ്റ്റ് ചെയ്തു. തുടർന്ന് പെരിന്തൽമണ്ണ ഷെൽറ്റർ ഹോമിൽ പാർപ്പിച്ച ശേഷം ഇന്നലെ രാവിലെ നിലമ്പൂർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!