റിയാദിൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള അൽ ഫൗ പുരാവസ്തു മേഖലയിലെ ഗവേഷണ വിവരങ്ങൾ പുറത്ത് വിട്ടു – വീഡിയോ

സൌദി അറേബ്യയിൽ പുതിയൊരു പുരാവസ്തു മേഖലയിലെ കണ്ടെത്തലുകൾ ഇന്ന് (ചൊവ്വാഴ്ച) സൌദി ഹെറിറ്റേജ് അതോറിറ്റി പുറത്ത് വിട്ടു. റിയാദിൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്, വാദി ദവാസിറിനേയും നജ്റാനേയും ബന്ധപ്പിക്കുന്ന പുതിയ റോഡിൽ,  വാദി അൽ-ദവാസിറിന് 100 കിലോമീറ്റർ തെക്ക് ശൂന്യമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അൽ-ഫൗവിലാണ് പുതിയ കണ്ടെത്തലുകൾ.

അന്താരാഷ്ട്ര വിദഗ്ധരുമായി സഹകരിച്ച് സൗദിയിലെ പുരാവസ്തു ശാസ്ത്രസംഘം ഏറ്റവും പുതിയ പുരാവസ്തു സർവേ ടെക്നിക്കുകൾ ഉപയോഗിച്ചാണ് ഗവേഷണം വിജയകരമായി പൂർത്തിയാക്കിയത്.

ഗവേഷണത്തിലൂടെ നിരവധി ചരിത്ര ശേഷിപ്പുകൾ കണ്ടെത്തി. അൽ-ഫൗവിലെ പുരാവസ്തു സൈറ്റിന്റെ കിഴക്ക് ഭാഗത്തുള്ള തുവൈഖ് പർവതനിരകളുടെ അരികുകളുടെ പാറക്കെട്ടുകളിൽ പുരാതന കാലത്ത് ഇവിടെ താമസിച്ചിരുന്നവർക്ക് ആരാധനാ കർമങ്ങൾ അനുഷ്ഠിക്കുവാനുള്ള പ്രത്യേകമായ ഒരു പ്രദേശമുണ്ടായിരുന്നുവെന്നാണ് പ്രധാന കണ്ടെത്തൽ.

 

കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അവിടെ ഗവേഷകർക്ക് കണ്ടെത്താനായി. വഴിപാടുകൾ നടത്തിയിരുന്ന മേശ (ബലി പീഠം), നിരവധി ലിഖിതങ്ങൾ തുടങ്ങിയവയും കണ്ടെത്തലുകളിൽ പെടുന്നു. പുരാതന നഗരമായ അൽ-ഫൗ ഭക്തിസാന്ദ്രമായിരുന്നുവെന്നും, മതവിഭാഗങ്ങൾ ജീവിച്ചിരുന്നതായും സുചന നൽകുന്നുണ്ട്.

8,000 വർഷങ്ങൾക്ക് മുമ്പുള്ള നിയോലിത്തിക്ക് കാലഘട്ടത്തിൽ ഈ പ്രദേശത്ത് മനുഷ്യവാസമുണ്ടായിരുന്നതായി വ്യക്തമാക്കുന്നതാണ് കണ്ടെത്തലുകൾ. ഇവിട നിന്നും 2,807 ലധികം പുരാതന ശവകുടീരങ്ങൾ കണ്ടെത്തുകയും ചെയ്തു. വ്യത്യസ്ഥ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ആറ് വിഭാഗങ്ങളിലായാണ് ശവകുടീരങ്ങളെ തരം തിരിച്ചിട്ടുള്ളത്.

പുരാതന നഗരമായ അൽ-ഫൗ ക്ഷേത്രങ്ങളുടെ നിരവധി ചരിത്രങ്ങൾ വിവരിക്കുന്നു. തുവൈഖ് പർവതനിരകളോട് ചേർന്ന് നാല് കൂറ്റൻ കെട്ടിടങ്ങൾ ഉണ്ടായിരുന്നതായി തെളിയിക്കുന്ന അടിത്തറയും കണ്ടെത്തി. അവയിൽ ചിലതിന് മൂലകളിൽ ഗോപുരങ്ങളുണ്ടായിരുന്നതായും ഗവേണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളപ്പൊക്ക സമയത്ത് വെള്ളം സംഭരിച്ചുവെക്കാനായി നിർമ്മിച്ച നൂറുകണക്കിന് ഭൂഗർഭ ജലസംഭരണികളുടെ കണ്ടെത്തൽ അക്കാലത്തെ കൃഷിയുടേയും ജലസേചന സംവിധാനത്തെയും വ്യക്തമാക്കുന്നതാണ്.

അക്കാലത്തെ ജനങ്ങൾ ജീവിതം സുരക്ഷിതമാക്കിയിരുന്നത് കൃഷിയിലൂടെയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പ്രദേശത്ത് കണ്ടെത്തിയ കാർഷിക മേഖലകൾ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

Share
error: Content is protected !!