മാധ്യമം പത്രത്തിനെതിരെ കത്തെഴുതിയ സംഭവം: കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിയും

മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എ.ഇ. കോണ്സുൽ ജനറലിന് കത്തെഴുതിയ കെ.ടി. ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയനും തള്ളിപറഞ്ഞു. അത്തരം ഒരു കത്ത് അയക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച് ജലീലുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇത്തരം ഒരു കാര്യം അറിയുന്നത് തന്നെ പരസ്യമായി വന്നപ്പോൾ ആണ്. അതുവരെ അത്തരമൊരു പ്രശ്നം മനസിലാക്കിയിട്ടില്ല. നിയമസഭ പിരിഞ്ഞ സമയമായതു കൊണ്ട് അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. നേരിട്ട് കാണുമ്പോൾ വിഷയം സംസാരിക്കാം എന്നാണ് വിചാരിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമത്തിന്റെ പ്രതിനിധികളും തന്നെ വന്ന് കണ്ടിരുന്നു. അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി തുടർന്ന് എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

യു.എ.ഇയില്‍ കോവിഡ് ബാധിച്ച് നിരവധി മലയാളികള്‍ മരിച്ചിരുന്നു. ഇതു സംബന്ധിച്ച് ഒരു മലയാള ദിനപത്രം വാര്‍ത്ത നല്‍കി. ഈ ദിനപ്പത്രത്തെ യു.എ.ഇയില്‍ നിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് തന്നോടും യു.എ.ഇ. കോണ്‍സുല്‍ ജനറലിനോടും ജലീല്‍ ആവശ്യപ്പെട്ടതായും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇത്തരത്തില്‍ ഈ പത്രത്തെ നിരോധിക്കാനായാല്‍ രാഷ്ട്രീയമായും പാര്‍ട്ടിയിലും തനിക്ക് ഏറെ മൈലേജ് ഉണ്ടാക്കിത്തരുന്ന കാര്യമായിരിക്കും ഇതെന്ന് ജലീല്‍ പറഞ്ഞു. അതിന്‌ പകരമായി നയതന്ത്രചാനല്‍ ഉപയോഗിച്ച് നടത്തുന്ന എല്ലാ അനധികൃത ഇടപാടുകള്‍ക്കും കെ.ടി.ജലീല്‍ സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞതായും സ്വപ്‌ന സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇതുകൂടി വായിക്കുക

മീഡിയവൺ നിരോധനത്തിന് പിന്നിലും കെ.ടി. ജലീലിന് പങ്കുള്ളതായി സംശയം

 

Share
error: Content is protected !!