തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും പ്ലസ് ടൂ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ടാഴ്ചക്കിടെ ഇത് മൂന്നാമത്തെ സംഭവം, ആശങ്കയോടെ രക്ഷിതാക്കൾ
തമിഴ്നാട്ടിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കടലൂർ ജില്ലയിലാണ് പന്ത്രണ്ടാം ക്ലാസുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്വന്തം വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്തിയത്. അമ്മ ശകാരിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് അനുമാനം.
അതേ സമയം നാല് പേജുള്ള കുറിപ്പിൽ “രക്ഷിതാക്കളുടെ ആഗ്രഹപോലെ തനിക്ക് ഐ.എ.എസ് നേടാൻ കഴിയുന്നില്ല” എന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മാതാപിതാക്കള് വീട്ടിലില്ലാത്ത സമയത്താണ് പെണ്കുട്ടി തൂങ്ങിമരിച്ചത്. രണ്ടാഴ്ചക്കിടെ ഇത് മൂന്നാമത്തെ പെണ്കുട്ടിയാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്നത്.
സംഭവത്തിന് ശേഷം ഇന്ന് (ചൊവ്വാഴ്‌ച) വീട്ടുകാർ സംസ്‌കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നതിനിടെ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിരുതാചലം സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. നിലവിൽ ദുരൂഹ മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ തിരുവള്ളൂർ ജില്ലയിലെ സർക്കാർ എയ്ഡഡ് സ്‌കൂളിലെ 12-ാം ക്ലാസുകാരി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു. കേസിൽ സിബി-സിഐഡി അന്വേഷണം ആരംഭിക്കുകയും സ്‌കൂൾ പരിസരത്ത് പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തു.
അതിന് മുമ്പ് ജൂലൈ 13 ന് തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ മറ്റൊരു പന്ത്രണ്ടാം ക്ലാസുകാരിയുടെ ദാരുണമായ മരണത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. അന്ന് വിദ്യാർത്ഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂൾ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വൻ പ്രതിഷേധത്തിനും കലാപത്തിനും ഇടയാക്കിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ സംഭവത്തിൽ സംശയം പ്രകടിപ്പിക്കുകയും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. കൂടാതെ അവർ തിരഞ്ഞെടുക്കുന്ന ഒരു ഡോക്ടറുടെ സാന്നിധ്യത്തിൽ വീണ്ടും പോസ്റ്റ്‌മോർട്ടത്തിനായി കോടതിയുടെ ഇടപെടൽ പോലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.
ജൂലൈ 13 ന് നടന്ന സംഭവം അക്രമത്തിലേക്കും കലാപത്തിലേക്കും വഴിമാറി. സ്കൂൾ വ്യാപകമായി ആക്രമിക്കപ്പെടുകയും കത്തിക്കുകയും ബസുകളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.
തുടർച്ചായി കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്ത രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.