വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാമ്പിൻതല; കാബിൻ ക്രൂ പരാതി നൽകി – വിഡിയോ

വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തിയതിനെ തുടർന്നു വിമാനക്കമ്പനിക്കെതിരെ പരാതി. തുർക്കി വിമാനക്കമ്പനിയായ സൺഎക്സ്പ്രസിന് എതിരെയാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൺഎക്സ്പ്രസ് അധികൃതർ അറിയിച്ചു.

ഈ മാസം 21ന് തുർക്കിയിലെ അങ്കാരയിൽനിന്നു ജർമനിയിലെ ഡസൽഡോർഫിലേക്കു പോയ വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങൾക്കു നൽകിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടെത്തിയത്. ഭക്ഷണത്തിൽ ഉരുളക്കഴങ്ങിനും മറ്റു പച്ചക്കറികൾക്കുമിടയിലാണ് പാമ്പിന്റെ തല കണ്ടതെന്നു കാബിൻ ക്രൂ അംഗം പരാതിയിൽ പറയുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

 

സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഭക്ഷ്യവിതരണക്കാരുമായുള്ള കരാർ താൽക്കാലികമായി റദ്ദാക്കിയതായും സൺഎക്സ്പ്രസ് വക്താവ് അറിയിച്ചു. ‘വ്യോമയാന മേഖലയിൽ 30 വർഷത്തിലേറെ പരിചയമുള്ള, ഞങ്ങളുടെ വിമാനത്തിൽ അതിഥികൾക്ക് നൽകുന്ന സേവനങ്ങൾ ഏറ്റവും ഉയർന്ന നിലവാരമുള്ളതുമാണ്. അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വമാണ് ഞങ്ങളുടെ മുൻ‌ഗണന.’ സൺഎക്സ്പ്രസ് വക്താവ് പറഞ്ഞു.

അതേസമയം, ക്രൂ അംഗത്തിന്റെ പരാതി നിഷേധിച്ച് ഭക്ഷണവിതരണ കമ്പനി രംഗത്തെത്തി. 280 ഡിഗ്രി സെൽഷ്യസിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും വിഡിയോയിലുള്ള രീതിയിലുള്ള പാമ്പിന്റെ തലയാണ് ഭക്ഷണത്തിൽ കണ്ടെത്തിയതെങ്കിൽ അതു പുറത്തുനിന്നു വന്നതാകാനാണ് സാധ്യതയെന്നും അവർ അവകാശപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!