കിടക്കയിൽ മൂത്രമൊഴിച്ചു; ഒമ്പത് വയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചു
കിടക്കയിൽ മൂത്രം ഒഴിച്ചതിന് ഒമ്പത് വയസ്സകാരിയായ ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്ത്രീ പൊള്ളലേൽപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഒരു അടുത്ത ബന്ധുവിൽ നിന്ന് ഇവർ ദത്തെടുത്തതാണ് പെണ്കുട്ടിയെ.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 294 (ദുരുപയോഗം), 323 (മനുഷ്യനെ കൈകാര്യം ചെയ്യൽ), 324 (അപകടകരമായ ആയുധങ്ങളിലൂടെയോ മാർഗങ്ങളിലൂടെയോ മുറിവേൽപ്പിക്കുക), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് 40 കാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എംഐജി പൊലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് വർമ പറഞ്ഞു. മാത്രവുമല്ല പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുമില്ല.
പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റെന്ന് ശിശു ക്ഷേമ സമിതി (സിഡബ്ല്യുസി) പ്രസിഡന്റ് പല്ലവി പോർവാൾ പറഞ്ഞു. തലയിലെ ചില രോമങ്ങൾ പിഴുതെറിയപ്പെട്ടതായും ശരീരത്തിൽ നഖത്തിൻ്റെ മുറിവേറ്റ പാടുകളുണ്ടെന്നും പല്ലവി പോർവാൾ കൂട്ടിച്ചേർത്തു.
കുട്ടിയുടെ അവസ്ഥ നോക്കുമ്പോൾ, ക്രൂരതയുടെ എല്ലാ അതിർവരമ്പുകളും കടന്ന് അതിക്രൂരമായാണ് കുട്ടിയോട് പെരുമാറിയത്. ദത്തെടുത്ത സ്ത്രീക്ക് വികൃതമായ മാനസികാവസ്ഥയാണെന്ന് തോന്നിപോകും. ലളിതമായ വകുപ്പുകളാണ് ഇപ്പോൾ പ്രതിക്ക് മേൽ ചുമത്തിയിട്ടുള്ളത്. ലൈംഗിക കുറ്റകൃത്യ നിയമത്തിന് പോക്സോ കുറ്റവും ചുമത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
പെൺകുട്ടി ഇപ്പോൾ ചികിത്സയിൽ ആണെന്നും മൊഴി രേഖപ്പെടുത്തിയെന്നും, കുട്ടിയുടെ മൊഴി പ്രകാരം ആവശ്യമായ കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക