ആറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. സുഹൃത്ത് രക്ഷപ്പെട്ടു

കൊല്ലം: പള്ളിക്കലാറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കരുനാഗപ്പള്ളി മാരാരിത്തോട്ടം കോളകത്ത് ജങ്‌ഷനു സമീപം കളത്തില്‍ വടക്കേതില്‍ നിസാമിന്റെയും ഉസൈബയുടെയും മകന്‍ അഫ്സല്‍ (18)ആണ് മരിച്ചത്.മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു അഫ്സല്‍.

സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക്‌ ഒപ്പം പള്ളിക്കലാറ്റില്‍ കുളിക്കാനെത്തിയതായിരുന്നു അഫ്‌സല്‍. സുഹൃത്തുക്കളില്‍ ഒരാള്‍ ആറ്റില്‍ വീണതോടെ അഫ്‌സല്‍ രക്ഷിക്കാനിറങ്ങി.
ആറ്റില്‍വീണ സുഹൃത്ത്‌ നീന്തി രക്ഷപെട്ടെങ്കിലും അഫ്സല്‍ മുങ്ങി താഴുകയായിരുന്നു.

കരുനാഗപ്പള്ളിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കൊല്ലത്തുനിന്ന് സ്കൂബാ ടീം എത്തിയാണ്‌ മൃതദേഹം കണ്ടെടുത്തത്‌. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ ശൂരനാട് മണ്ണിട്ട ഡാമിനു സമീപമാണ്‌ അപകടം. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച കന്നേറ്റി മുസ്ലിം ജമാഅത്തില്‍ ഖബറടക്കും. അഹ്സാനയാണ് സഹോദരി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!