പുതുവർഷത്തിൽ കഅബ പുതുകോടി അണിയും; കിസ് വ മാറ്റൽ ചടങ്ങ് ശനിയാഴ്ച
മക്ക: വാർഷിക ആചാരപ്രകാരം അടുത്ത ശനിയാഴ്ച മുഹറം 1ന് (ജൂലൈ 30) വിശുദ്ധ കഅബയുടെ മൂടുപടം (കിസവ) മാറ്റി പുതിയത് അണിയിക്കുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. പുതിയ ഉംറ സീസണ് ആരംഭിക്കുന്നതും അന്ന് തന്നെയാണ്. സാധാരണയായി ദുൽഹജ്ജ് 9ന് അറഫ ദിനത്തിൽ ഹജ്ജ് തീർഥാടകർ അറഫയിൽ സമ്മേളിക്കുന്ന സമയത്താണ് കഅബയെ പുതിയ വസ്ത്രം അണിയിക്കാറുള്ളത്. ഈ വർഷം മുതലാണ് അതിന് മാറ്റം വരുത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കഅബയുടെ മുഖ്യ സൂക്ഷിപ്പുകാരനായ ഡോ: സ്വാലിഹ് അശൈബിക്ക് പുതിയ കിസ് വ കൈമാറിയത്. സൽമാൻ രാജാവിനെ പ്രധിനീകരിച്ച് മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനായിരുന്നു കിസ് വ കൈമാറിയത്.
166 സാങ്കേതിക വിദഗ്ധരും നിർമ്മാതാക്കളും ചേർന്ന് നിർമ്മിച്ചതാണ് പുതിയ മൂടുപടം. നിലവിൽ ഹജ്ജ് കാലത്തെ തിരക്കിൻ്റെ ഭാഗമായി ഉയർത്തി കെട്ടിയ നിലയിലാണ് മൂടുപടമുള്ളത്. പുതിയ കിസ് വ അണിയിക്കുന്നത് കഅബയെ പൂർണമായും മറച്ച് കൊണ്ടായിരിക്കും.
നാല് വശങ്ങളിലും തൂക്കിയതിന് ശേഷം അതിന് മുകളിലായി, പ്രധാന ആകർഷണായ ബെൽറ്റ് ഘടിപ്പിക്കും. അതിന് ശേഷമാണ് വാതിലിന് മുകളിലുള്ള കർട്ടണ് തൂക്കുക എന്ന് ഇരു ഹറം കാര്യാലയം അണ്ടർസെക്രട്ടറി ഡോ. സാദ് ബിൻ മുഹമ്മദ് അൽ മുഹൈമിദ് വിശദീകരിച്ചു.
കഅബയുടെ മൂടുപടം നിർമ്മിക്കുന്ന കിംഗ് അബ്ദുൽ അസീസ് കോംപ്ലക്‌സിൽ 200 ഓളം നിർമ്മാതാക്കളും ഉദ്യോഗസ്ഥരുമാണ് ജോലി ചെയ്യുന്നത്. ഏകദേശം 670 കിലോഗ്രാം അസംസ്‌കൃത പട്ടും 120 കിലോഗ്രാം സ്വർണ്ണ കമ്പിയും 100 കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് കിസ് വയുടെ നിർമ്മാണം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക