യു.പിയിൽ മുസ്‌ലിം വ്യവസായിയെ ‘ലൗ ജിഹാദ്’ കേസിൽ കുടുക്കാൻ യുവതിയെ പണംനൽകി നിയമിച്ചു
ഉത്തർപ്രദേശിൽ മുസ്‌ലിം വ്യവസായിയെ ‘ലൗ ജിഹാദ്’ കേസിൽ കുടുക്കാനായി ബി.ജെ.പി നേതാക്കൾ യുവതിയെ പണം നൽകി നിയമിച്ചതായി വെളിപ്പെടുത്തൽ. ഡൽഹി സ്വദേശിയായ 24കാരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ലഖ്‌നൗ ജില്ലാ ബി.ജെ.പി യുവജന വിഭാഗം വൈസ് പ്രസിഡന്റും ബി.ജെ.വൈ.എം സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ അമൻ സിങ് ചൗഹാനെതിരെയാണ് ആരോപണം.
ഉത്തർപ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയും മുസ്ലീം വ്യവസായിയുമായ പ്രിൻസ് ഖുറേഷി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. മോനു ഗുപ്ത എന്ന പേരിൽ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ ശേഷം വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നായിരുന്നു ആരോപണം. വിഷയം സംഘ്പരിവാർ സംഘടനകൾ ഏറ്റെടുത്തതിനു പിന്നാലെ ഖുറേഷിക്കെതിരെ കേസെടുത്തിരുന്നു.
എന്നാൽ, പിന്നീട് കോടതിയിലാണ് യുവതി യാഥാർത്ഥ്യം വെളിപ്പെടുത്തിയത്. യുവാവിനെ വ്യാജ കേസിൽ കുടുക്കണമെന്ന് ആവശ്യപ്പെട്ട് അമൻ സിങ് ചൗഹാനും സഹായി ആകാശ് സോളങ്കിയും തന്നെ സമീപിക്കുകയായിരുന്നുവെന്ന് യുവതി കോടതിയിൽ അറിയിച്ചു. തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.
യുവതി പൊലീസിൽ പീഡന പരാതി നൽകുമ്പോൾ അമൻ സിങ് ചൗഹാനും ആകാശ് സോളങ്കിയും കൂടെയുണ്ടായിരുന്നു. ഹിന്ദു സംഘടനാ നേതാക്കളും സ്‌റ്റേഷനിലുണ്ടായിരുന്നു. എന്നാൽ, ചൗഹാനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നാണ് ബി.ജെ.പി ജില്ലാ അധ്യക്ഷൻ കെ.പി സിങ് പ്രതികരിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
In UP's Kasganj, an FIR was registered against Prince Qureshi by a woman who alleged she was raped by Qureshi who had introduced himself as Monu Gupta on Facebook. The issue was taken up by right wing groups. FIR was registered against Qureshi on July 16. pic.twitter.com/fBQ3TGldJU
— Piyush Rai (@Benarasiyaa) July 24, 2022