മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങളിൽ പുതിയതായി വരുന്ന വിദേശികൾക്കും, സൌദിയിൽ ആറ് വർഷം പൂർത്തിയായവർക്കും തൊഴിൽ പെർമിറ്റ് അനുവദിക്കില്ല
റിയാദ്: സൌദിയിൽ സ്വദേശിവൽക്കരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കി വരുന്ന “നിതാഖാത്ത് ഡെവലപ്പർ” പദ്ധതി പ്രകാരം, മഞ്ഞ വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങളിൽ പുതിയതായി ജോലിക്കെത്തുന്ന വിദേശികൾക്ക് തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
മഞ്ഞ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികൾ സൌദിയിൽ ആറ് വർഷം പൂർത്തീകരിച്ചവരാണെങ്കിലും, അവരുടെ തൊഴിൽ പെർമിറ്റുകൾ പുതുക്കി നൽകുകയില്ല.
മഞ്ഞ വിഭാഗത്തിൽപ്പെട്ട സ്ഥാപനത്തിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് സംബന്ധിച്ച് അന്വോഷിച്ച ഉപഭോക്താവിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്ന് വർഷത്തിനുള്ളിൽ സ്വദേശികൾക്ക് 3,40,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
ഈ സാഹചര്യത്തിൽ മഞ്ഞ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികൾ രാജ്യത്ത് ആറ് വർഷം പൂർത്തിയായവരാണെങ്കിൽ, സുരക്ഷിതമായ സ്ഥാപനങ്ങളിലേക്ക് തൊഴിൽ മാറേണ്ടിവരും.
നേരത്തെ ചുവപ്പ് വിഭാഗത്തിൽ നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇപ്പോൾ മഞ്ഞ വിഭാഗത്തിലേക്കും വ്യാപിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക