മക്കയിൽ ഉംറ തീർഥാടകർക്ക് വീണ്ടും അനുമതി നൽകി തുടങ്ങി

സൗദി അറേബ്യയിൽ വീണ്ടും ഉംറ പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി. സൗദിക്കകത്ത് നിന്നുള്ളവർക്ക് ഇന്ന് മുതൽ ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂലൈ 30 (മുഹറം 1) മുതൽ ഓഗസ്റ്റ് 29 വരെയുള്ള തിയതികളിൽ ഉംറ നിർവഹിക്കുവാൻ ആഭ്യന്തര തീർഥാടകർക്ക് ഇപ്പോൾ അനുമതി ലഭിക്കും. ഇതിനായി തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴിയാണ് ഉംറ പെർമിറ്റുകൾ നേടേണ്ടത്. മദീനയിൽ പ്രവാചകന്റെ പള്ളിയിൽ റൗളാ ശരീഫിൽ നമസ്‌കരിക്കുന്നതിനും പെർമിറ്റുകൾ ലഭ്യമണ്.

ഉംറ നിർവഹിക്കുന്നതിനും, റൌളാ ശരീഫിൽ നമസ്കരിക്കുന്നതിനും മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂ. മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ നമസ്കരിക്കുന്നതിനോ, മദീനയിൽ പ്രവാചകൻ്റെ ഖബറിടത്തിൽ സലാം പറയുന്നതിനോ മറ്റു ആരാധനാ കർമ്മങ്ങൾക്കോ പെർമിറ്റ് എടുക്കേണ്ട ആവശ്യമില്ല. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇപ്പോൾ ഉംറക്ക് പെർമിറ്റ് ലഭിക്കില്ല.

ഹജ്ജിന്റെ ഭാഗമായി ജൂണ് 23 മുതൽ താൽക്കാലികമായി ഉംറ കർമ്മങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഹജ്ജ് തീർഥാടകർക്ക് സുഗമമായും ആശ്വാസത്തോടെയും കർമ്മങ്ങൾ നിർവഹിക്കുവാൻ സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നത്. ഹജ്ജിന് ശേഷം ദുൽഹജ്ജ് 20 (ജുലൈ 21) മുതൽ ഉംറ പെർമിറ്റുകളുടെ വിതരണം പുനരാരംഭിക്കുമെന്ന് ഹജജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ജുലൈ 30 (മുഹറം 1) മുതലാണ് ഉംറ തീർഥാടകർക്ക് അനുമതി നൽകുക എന്ന് മന്ത്രാലയം മാറ്റം വരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും ഉംറ പെർമിറ്റുകളുടെ വിതരണം പുനരാരംഭിച്ചത്.

സൗദിക്കകത്ത് നിന്നുള്ളവർക്കും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കും മുഹറം 1 മുതൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുവാൻ് അനുമതിയുണ്ട്. ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റെടുത്താണ് ഉംറ കർമ്മങ്ങൾക്ക് വരേണ്ടത്. പെർമിറ്റെടുക്കാതെ ഉംറക്കെത്തുന്നത് കുറ്റകരമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

സൌദിക്ക് പുറത്തുനിന്ന് വരുന്ന തീർഥാടകർക്ക് വിസ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ജൂലൈ 14 മുതൽ സ്വീകരിച്ചു തുടങ്ങിയതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

വിദേശ തീർഥാടകർക്കും മുഹറം ഒന്ന് മുതൽ ഉംറ നിർവഹിക്കാനും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കാനും കഴിയും. ഉംറ വിസയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മന്ത്രാലയത്തിന്റെ ലിങ്ക് സന്ദർശിക്കുന്നതിലൂടെ ലഭിക്കും (https://haj.gov.sa/ar/InternalPages/Umrah).

മന്ത്രാലയം നടപ്പാക്കുന്ന ആരോഗ്യ സേവനങ്ങളുടെ സംയോജിത നിർവഹണത്തിനും തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷയും ആരോഗ്യവും കണക്കിലെടുത്തുമാണ് വാക്സിനേഷൻ രേഖകൾ കൂടി ഉൾപ്പെട്ട ആപ് സംവിധാനം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!