സൂക്ഷിക്കുക !, വാട്സാപ് ലിങ്ക് വഴി വൻ തട്ടിപ്പ്; നിരവധിപേർ കുടുങ്ങി
വാട്സ് ആപ്പ് വഴി ഓൺലൈൻ വായ്പ നൽകി വൻ തട്ടിപ്പു നടക്കുന്നതായി പരാതി. നെടുങ്കണ്ടം, അടിമാലി, ഉടുമ്പൻചോല മേഖലയിൽ നിരവധി പേർ തട്ടിപ്പിനിരയായി. കഴിഞ്ഞ ദിവസങ്ങളിൽ 12 പരാതികളാണ് ഇത് സംബന്ധിച്ച് ലഭിച്ചത്. പലരും നാണക്കേട് ഭയന്ന് പരാതി നൽകുന്നില്ല.
വാട്സാപ് നമ്പർ വഴി എത്തുന്ന ലിങ്ക് തുറന്ന് ലോൺ സ്വീകരിച്ചവരാണു തട്ടിപ്പിനിരയായത്. പൊലീസിന് ലഭിച്ച പരാതികളിൽ പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരാതിക്കാരുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച് തുടങ്ങിയതോടെയാണ് തട്ടിപ്പു വിവരങ്ങൾ പുറത്തായത്. വാട്സാപ്പിൽ ലഭിച്ച ലിങ്ക് തുറന്നപ്പോൾ വായ്പ അനുവദിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചു.
അപേക്ഷകൻ ആധാർ വിവരങ്ങൾ കൈമാറിയ ഉടനെ അക്കൗണ്ടിലേക്ക് പണമെത്തി. 3,000 രൂപ മുതൽ 12,000 രൂപ വരെയാണ് അക്കൗണ്ടി ലേക്ക് ലോൺ തുകയായി ലഭിക്കുന്നത്. വായ്പ ലഭിച്ച 3 മുതൽ 6 ദിവസത്തിനിടെ ലഭിച്ച തുകയുടെ രണ്ടിരട്ടി മടക്കി അടയ്ക്ക ണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശമെത്തും. ആദ്യം വാട്സാപ് സന്ദേശവും തുടർന്നു ഫോൺ കോളുകളും എത്തും.
ഇരട്ടിത്തുക അടയ്ക്കാൻ കഴിയില്ലെന്ന് പറയുന്നതോടെ ഭീഷണി സന്ദേശമെത്തും. അപേക്ഷകന്റെ ഫോണിലുള്ള കോൺടാക്ടുകളിലേക്കു മോർഫ് ചെയ്ത ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും അയയ്ക്കുമെന്നാണു ഭീഷണി.
ഭീഷണിയിൽ വഴങ്ങാത്തവരുടെ ആദ്യ 2 കോൺടാക്ടു കളിൽ അശ്ലീല ദൃശ്യങ്ങൾ അയയ്ക്കും. അപമാനം ഭയന്ന് പലരും ഇരട്ടിപ്പണം നൽകിയെങ്കിലും വീണ്ടും വായ്പ തട്ടിപ്പ് സംഘം ഭീഷണി തുടരുകയാണ്.
ഇതോടെ പലരും നമ്പരടക്കം മാറ്റിയിരിക്കുകയാണ്. ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യാജ വിലാസ മുണ്ടാക്കിയാണ് തട്ടിപ്പുസംഘം സിം കാർഡ് ഉപയോഗിക്കുന്നതെന്നും ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയെങ്കിലും തുടർ നടപടികളൊന്നും സ്വീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
സമാനമായ രീതിയിൽ ഓണ്ലൈൻ വായ്പ തട്ടിപ്പു സംഘങ്ങൾ കേരളത്തിൻ്റെ പലഭാഗങ്ങളിലും പ്രവർത്തിക്കുന്നതായി നിരവധി തവണ വാർത്തകൾ വന്നിരുന്നു. എന്നിട്ടും ഇത്തരം തട്ടിപ്പുകളിൽ പെടുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് കണ്ടുവരുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതുംകൂടി വായിക്കുക: