കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര ടിക്കറ്റിന് ഇരട്ടി നിരക്ക്
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്ക് വിമാന കമ്പനികൾ ടിക്കറ്റുകൾക്ക് അധിക തുക ഈടാക്കുന്നതായി പരാതി. വിദേശ, ആഭ്യന്തര വ്യത്യാസമില്ലാതെ എല്ലാ യാത്രകൾക്കും കണ്ണൂരിൽ നിന്ന് അധിക തുകയാണ് ഈടാക്കുന്നതെന്ന് ട്രാവൽ ഏജൻസികളും സ്ഥിരീകരിച്ചു.
മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ആശ്വാസമാകും എന്നായിരുന്നു കണ്ണൂർ വിമാനത്താവളത്തെ കുറിച്ചുള്ള പ്രതീക്ഷ. നിലവിൽ ഗൾഫ് പ്രവാസികളാണ് കണ്ണൂർ വിമാനത്താവളത്തെ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ടിക്കറ്റ് നിരക്കിലെ വർധന പ്രവാസികളെ കൊള്ളയടിക്കാനാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
ദുബൈ, അബൂദബി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കും, ബംഗളൂരു ഉൾപ്പെടെയുള്ള ആഭ്യന്തര സർവീസുകൾക്കും കണ്ണൂരിൽ നിന്നും ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്.
ദുബായിലേക്ക് കോഴിക്കോട് നിന്നുള്ളതിനേക്കാൾ 15 മിനുട്ട് കുറവാണ് കണ്ണൂരിൽ നിന്നുള്ള യാത്ര സമയം. എന്നാൽ കരിപ്പൂർ വിമാനത്താവളത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടി തുകയാണ് ദുബായിലേക്ക് കണ്ണൂരിൽ നിന്ന് ഈടാക്കുന്നത്.
ഗോ ഫസ്റ്റ് വിമാനത്തിൽ കണ്ണൂരിൽനിന്ന് ദുബൈയിലേക്ക് 40,000ത്തിനടുത്ത് രൂപയാണ് ആഗസ്റ്റ് ആദ്യ വാരത്തെ ടിക്കറ്റ് നിരക്കായി കമ്പനി വെബ്സൈറ്റിൽ കാണിക്കുന്നത്. എന്നാൽ, കോഴിക്കോടുനിന്ന് ദുബൈയിലേക്ക് 18,000 രൂപയേ ഉള്ളൂ.
കൂടാതെ അബൂദബിയിലേക്കുള്ള ടിക്കറ്റ് നിരക്കിലും വ്യത്യാസം പ്രകടമാണ്. കോഴിക്കോട് നിന്നുള്ളതിനേക്കാൾ 3000 രൂപ അധികമാണ് കണ്ണൂരിൽനിന്നും ഈടാക്കുന്നത്. അതേ സമയം തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിൽനിന്ന് ഇതിലും കുറവാണ് ടിക്കറ്റ് നിരക്ക്.
ബംഗളൂരു അടക്കമുള്ള ആഭ്യന്തര സർവിസിനും കണ്ണൂരിൽനിന്ന് ടിക്കറ്റ് നിരക്ക് കൂടുതലാണ്. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് ഇൻഡിഗോയുടെ നിരക്ക് 4600 മുതലാണെങ്കിൽ കോഴിക്കോടുനിന്ന് 3500 തൊട്ടാണ് ആരംഭിക്കുന്നത്.
എയർ ഇന്ത്യയിൽ ഡൽഹിയിലേക്ക് കണ്ണൂരിൽനിന്ന് കോഴിക്കോടിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് ഏതാണ്ട് 1000 രൂപയുടെ വ്യത്യാസമുണ്ട്.
വിമാന ടിക്കറ്റ് നിരക്ക് കുറയാൻ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കണമെന്നാണ് ട്രാവൽ ഏജൻസികളുടെ അഭിപ്രായം. കരിപ്പൂർ വിമാനത്താവളത്തെ അപേക്ഷിച്ച് കണ്ണൂരിൽ സൗകര്യം ഏറെയാണ്. എന്നിട്ടും കണ്ണൂരിൽനിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വിമാന സർവിസ് മറ്റുസ്ഥലത്തെ അപേക്ഷിച്ച് കുറവാണെന്ന് യാത്രക്കാർ പറയുന്നു.
ജിദ്ദ, റിയാദ് പോലുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കണ്ണൂരിൽനിന്ന് നേരിട്ട് വിമാനമില്ല. വിരലിലെണ്ണാവുന്ന സർവിസ് മാത്രമാണ് ഇവിടെനിന്ന് നടത്തുന്നത്. ഇതാണ് ടിക്കറ്റ് നിരക്ക് കൂടാൻ കാരണം. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽനിന്നും കർണാടക കുടക് മേഖലയിൽ നിന്നും ലക്ഷക്കണക്കിനുപേർ ആശ്രയിക്കുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക