സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം പേര്‍ വിജയിച്ചതായി സി ബി എസ് ഇ അറിയിച്ചു.14,35,366 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 13,30,662 പേര്‍ വിജയിച്ചു. തിരുവനന്തപുരം മേഖലക്കാണ് ഏറ്റവും ഉയര്‍ന്ന (98.3) വിജയ ശതമാനം. നോയിഡ മേഖലക്കാണ് ഏറ്റവും കുറഞ്ഞ (90.12). വിജയ ശതമാനം.
സി ബി എസ് ഇ വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. results.cbse.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് ഡിജിലോക്കറില്‍ (digilocker.gov.in) സി.ബി.എസ്.ഇ ഫലങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാനും സാധിക്കും.
ഇത്തവണ രണ്ട് ടേം ആയാണ് സി.ബി.എസ്.ഇ പരീക്ഷ നടത്തിയത്. നവംബർ- ഡിസംബർ മാസങ്ങളിലായിരുന്നു ഒന്നാം ടേം പരീക്ഷ. ഏപ്രിൽ 26 മുതൽ ജൂൺ നാല് വരെയായിരുന്നു രണ്ടാം ടേം പരീക്ഷ നടന്നത്.
പ്ലസ്ടു അഡിമിഷനുമായി ബന്ധപ്പെട്ട് സി ബി എസ് ഇ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി ഇന്ന് ഉച്ചക്ക് ശേഷം കേരള ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേരളത്തില്‍ പ്ലസ്ടുവിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഇന്നലെ കഴിഞ്ഞിരുന്നു. എന്നാല്‍ സി ബി എസ് ഇ പത്താം ക്ലാസ് ഫലം വരാത്തതിനാല്‍ അപേക്ഷ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്ന് ഫലം പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇയോട് ചോദിച്ച ഹൈക്കോടതി അപേക്ഷ തീയതി ഇന്നത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.
ഇന്ന് ഉച്ചക്ക് ഫലം പ്രഖ്യാപിച്ചാല്‍ വൈകുന്നേരത്തോടെ പ്ലസ്ടുവിന് അപേക്ഷിക്കാന്‍ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എത്രയും വേഗം ഫലം പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയാണെന്നും രണ്ട് ദിവസത്തിനകം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സി.ബി.എസ്.ഇ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
സി ബി എസ് ഇ പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക