സൗദിയിൽ മലയാളിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

സൌദി അറേബ്യയിലെ  ദമ്മാമിൽ നിന്ന് മലയാളി പ്രവാസിയെ കാണാതായതായി ബന്ധുക്കൾ അറിയിച്ചു. തിരുവനന്തപുരം, വിഴിഞ്ഞം, മുല്ലൂർ സ്വദേശി അനിൽ നായരെ (51) യാണ് കാണാതായിരിക്കുന്നത്. ഏതാനും ദിവസമായി കാണാതായതിനാൽ സുഹൃത്തുക്കളും ബന്ധുക്കളും അന്വോഷണം നടത്തിവരികയാണ്.

തുഖ്ബയിലെ റിയാദ്​ സ്​​ട്രീറ്റിൽ ഏ.സി സർവീസ് സെൻ്റർ നടത്തിവരികയായിരുന്നു. ഏകദേശം ഒരാഴ്ചയോളമായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വോഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ പൊലീസ്​ സ്​റ്റേഷൻ, ആശുപത്രി, ജയിൽ തുടങ്ങിയ സ്ഥലങ്ങളിലും അന്വോഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഭർത്താവിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഭാര്യ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്.

കാണാതായ സമയത്ത് താമസ സ്ഥലം പുറത്ത് നിന്ന് പൂട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഒരു സുഹൃത്ത് വശം മുറിയുടെ താക്കോൽ കൊടുത്തേൽപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ച് സ്പോണ്സറുടെ സാന്നിധ്യത്തിൽ മുറിതുറന്ന് പരിശോധിച്ചപ്പോൾ, അനിൽ നായരുടെ പാസ്പോർട്ടുൾപ്പെടെയുള്ള രേഖകൾ അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ദുരൂഹത വർധിപ്പിക്കുന്നതായി സുഹൃത്തുക്കൾ പറയുന്നു.

പെരുന്നാൽ അവധി കഴിഞ്ഞ് കട തുറന്നിട്ടും അനിൽ ജോലിക്കെത്താതിനെ തുടർന്നാണ് സുഹൃത്തുക്കൾ അന്വോഷണം ആരംഭിച്ചത്. താമസ സ്ഥലത്ത് ഉറങ്ങുകയായിരിക്കും എന്നാണ് ജോലി സ്ഥലത്തെ മറ്റു ജീവനക്കാർ അന്വോഷിച്ചെത്തിയ സുഹൃത്തുക്കളോട് പറഞ്ഞത്. എന്നാൽ തൊട്ടടുത്ത ദിവസവും അനിൽ ജോലിക്കെത്തിയില്ല. അതിനെ തുടർന്നാണ് സുഹൃത്തുക്കൾ അന്വോഷണം വ്യാപിപ്പിച്ചത്.

ഇദ്ദേഹത്തിന്റെ കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്​ സമീപം നിർത്തിയിട്ടിട്ടുണ്ട്​. ഈ മാസം 12ന് വൈകീട്ട് 6.25ന്​ വാട്​സ് ആപ് പരിശോധിച്ചതായി സ്റ്റാറ്റസിൽ നിന്ന് വ്യക്തമാണ്​. അതിന് ശേഷം ഫോൺ പ്രവർത്തനരഹിതമാണ്.

അടുത്ത സുഹൃത്തുക്കളോട്​ പോലും പറയാതെ അനിൽ എങ്ങോട്ട്​ പോയി എന്നറിയാത്ത അങ്കലാപ്പിലാണ്​ കുടുംബവും സുഹൃത്തുക്കളും. ഇഖാമ നമ്പർ ഉപയോഗിച്ച്​ എമിഗ്രേഷൻ വിഭാഗത്തിൽ നടത്തിയ അന്വേഷണത്തിൽ സൗദി വിട്ടിട്ടില്ലെന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

സ്​പോൺസർ തുഖ്​ബ പൊലീസിൽ പരാതി നൽകി. ജോലി ഇഷ്​ടപ്പെടാത്തതിനാൽ വേറെ​ ജോലി അന്വേഷിച്ച്​ പോയതാവും എന്നാണ്​ പൊലീസ് നിഗമനം. പൊലീസ്​ നിർദേശത്തെ തുടർന്ന്​ സ്​പോൺസർ ഇദ്ദേഹത്തെ ഹുറൂബാക്കി​യിട്ടുണ്ട്. 25 വർഷമായി ഇതേ സ്ഥലത്ത്​ ജോലിചെയ്യുന്ന അനിൽ നായർ ഒളിച്ചു പോകാൻ സാധ്യതയില്ലെന്നാണ്​ സുഹൃത്തുക്കളുടെ വിശ്വാസം.

ഭർത്താവിനെ കണ്ടെത്താൻ സഹായം തേടി ഭാര്യ കവിത ഇന്ത്യൻ എംബസ്സിയിലും നോർക്ക റൂട്ട്​സിലും പരാതി നൽകിയിട്ടുണ്ട്​. ഇദ്ദേഹത്തെ കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശ്യാം (053714 2429), മുസ്തഫ നണിയൂർ (0568198384) എന്നിവരെ ബന്ധപ്പെടണമെന്ന് സുഹൃത്തുക്കൾ അഭ്യർഥിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!