കേരളത്തിൽ ഇനി ആൺ-പെൺ വ്യത്യാസമില്ല. മിക്‌സഡ് സ്‌കൂളുകൾ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ആൺകുട്ടികളേയും പെൺകുട്ടികളേയും വേർത്തിരിച്ച് പ്രവർത്തിക്കുന്ന ഹൈസ്‌കൂളുകൾ നിർത്തിവെക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്കൂളുകളും സമ്മിശ്ര വിദ്യാഭ്യാസം നടപ്പാക്കണം. കോ-എഡ്യൂക്കേഷൻ നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്‌കൂളുകളുടെ ടോയ്‌ലറ്റുകൾ ഉൾപ്പെടെയുള്ള ഭൗതിക സൌകര്യങ്ങൾ മെച്ചപ്പെടുത്തണം. കൂടാതെ സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
2023–24 അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമപദ്ധതി തയാറാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, എസ്‌സിഇആർടി ഡയറക്ടർ എന്നിവർക്ക് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി. സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് ഉത്തരവ് കൈപ്പറ്റി 90 ദിവസത്തിനകം കമ്മിഷന് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘2023–24 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ആൺ സ്കൂളുകൾ – പെൺ സ്കൂളുകൾ എന്നിവ നിർത്തലാക്കുന്നതിനും എല്ലാ വിദ്യാലയങ്ങളിലും സഹ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുമുള്ള കർമപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്’’ – ബാലാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്നു.
അഞ്ചൽ സ്വദേശി ഡോ.ഐസക് പോൾ നൽകിയ ഹർജിയിലാണ് കമ്മിഷന്റെ ഉത്തരവ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്‌കൂളുകൾ നടത്തുന്നതിലൂടെ ലിംഗനീതി നിഷേധിക്കുകയാണെന്നും ഇവിടെ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം 280 സ്കൂളുകൾ പെൺകുട്ടിക്ക് മാത്രമായും, 164 സ്കൂളുകൾ ആൺകുട്ടികൾക്ക് മാത്രമായും പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക