കെ.ടി ജലീലിന് അനധികൃത ഇടപാടുകൾ; ഗൾഫിൽ മാധ്യമം പത്രം നിരോധിക്കാൻ ഇടപെടൽ നടത്തി, സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്‌

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്, മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച സത്യവാങ്‌മൂലം പുറത്ത്. ജലീലിനും കോൺസൽ ജനറലിനും അനധികൃത ഇടപാടുകളുണ്ടെന്നാണ് സത്യവാങ്‌മൂലത്തിലെ പ്രധാന ആരോപണം. നയതന്ത്ര ചാനൽ ഉപയോഗിച്ചായിരുന്നു ഈ അനധികൃത ഇടപാടുകളെന്നും സത്യവാങ്‌മൂലത്തിലുണ്ട്.

യുഎഇ ഭരണാധികാരികൾക്കിടയിൽ പ്രത്യേക പരിഗണനയ്ക്കായി ജലീൽ ശ്രമം നടത്തിയെന്നാണ് മറ്റൊരു ആരോപണം. പ്രത്യേക പരിഗണന ലഭിച്ചാൽ കൂടുതൽ ബിസിനസ് നടത്താൻ കഴിയുമെന്ന് കെ.ടി.ജലീൽ പറഞ്ഞു. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീൽ കോൺസൽ ജനറലിന് ഉറപ്പു നൽകിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.

ജലീലുമായി ചേർന്ന് ബിസിനസ് തുടങ്ങുമെന്ന് കോൺസൽ ജനറൽ പറഞ്ഞതായും സത്യവാങ്‌മൂലത്തിലുണ്ട്. യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ചെന്നും സ്വപ്ന ആരോപിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും ആരോപണമുണ്ട്. അയച്ചെന്ന് ആരോപിക്കുന്ന കത്ത് ഉൾപ്പെടെയുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചു

മാധ്യമം ദിനപത്രം ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി സ്വപ്‌ന വെളിപ്പെടുത്തി. മാധ്യമത്തിനെതിരെ വിദേശത്ത് നടപടിയെടുക്കാൻ ഇടപെടണമെന്ന് സ്വപ്നയോടും ജലീൽ ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രംസഹിതം മാധ്യമം നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.

മാധ്യമത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രം നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്‌നയോടും ആവശ്യപ്പെട്ടു. ഇത് രാഷ്ട്രീയപ്പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്‌ന പറയുന്നു.

യു.എ.ഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും സ്വപ്‌ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങൾക്കും ജലീൽ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന വെളിപ്പെടുത്തി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!