വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ച്ച: 2 യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു

യൂത്ത് കോണ്‍ഗ്രസില്‍ വാട്‌സാപ്പ് സന്ദേശം ചോര്‍ത്തല്‍ ആരോപണം നിലനില്‍ക്കെ രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെ നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെ സസ്പെൻഡ് ചെയ്തതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇതില്‍ നുസൂറിനെതിരെ വാട്‌സ് ആപ്പ് ചാറ്റ് പുറത്തായതിനും ബാലുവിനെതിരെ ചിന്തന്‍ ശിബിരത്തിലെ പീഡനപരാതിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന
സംഘടനാ അച്ചടക്കം ലംഘിച്ചുതുമായി ബന്ധപ്പെട്ട് അന്വേഷണം ചൂണ്ടിക്കാട്ടിയാണ്‌ ഇരുവരേയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി അറിയിച്ചത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാന്‍ കെ.എസ്.ശബരിനാഥന്‍ ആവശ്യപ്പെട്ടതിന്റെ ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ ഒപ്പുവെച്ച ആളായിരുന്നു നുസൂറും ബാലുവും എന്നത് ശ്രദ്ധേയമാണ്.

ശബരീനാഥിൻ്റെ വാട്സ് ആപ്പ് ചാറ്റ് ചോർന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നത്.

ചിന്തന്‍ ശിബരത്തില്‍ ഉയര്‍ന്ന പീഡന പരാതിയുമായി ബന്ധപ്പെട്ടും നേരത്തെ നേതൃത്വത്തിനെതിരെ ബാലു രംഗത്തെത്തിയിരുന്നു.

ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രഹസ്യമായി ഒരു കാര്യങ്ങളും ചര്‍ച്ച ചെയ്യാനാകുന്നില്ല. തുടര്‍ച്ചയായി ഗ്രൂപ്പിലെ കാര്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നുവെന്നായിരുന്നു നേതാക്കളുടെ ആക്ഷേപം. ഇതുസംബന്ധിച്ച് ഷാഫി പറമ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഗൗരവത്തോടെ വിഷയം കാണുന്നില്ലെന്നും അതുകൊണ്ടാണ് ശബരീനാഥന്റെ വാട്‌സാപ്പ് ചാറ്റും പുറത്തേക്ക് വന്നതെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് അയച്ച കത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഷാഫി പറമ്പിലിനെതിരേ വിമര്‍ശനം ഉന്നയിക്കുന്ന നിരപരാധികളായ ചിലരുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവര്‍ എന്തുതെറ്റ് ചെയ്താലും ഷാഫി അവരെ സംരക്ഷിക്കുകയാണെന്നും കത്തില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂര്‍, റിയാസ് മുക്കോളി, എസ്എം ബാലു തുടങ്ങി 12 നേതാക്കളാണ് ദേശീയ നേതൃത്വത്തിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നത്.

ഈ കത്തിൽ ഒപ്പുവെച്ചിരുന്ന എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെ ചുമതലയിൽ നിന്ന് നീക്കിയതായി ദേശീയ സെക്രട്ടറി വാർത്ത കുറിപ്പിൽ അറിയിച്ചത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!