എൻ.സി.പിയുടെ ദേശീയ തലത്തിലുള്ള എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) യുടെ ദേശീയ തലത്തിലുള്ള എല്ലാ യൂണിറ്റുകളും ഘടകങ്ങളും പിരിച്ചുവിട്ടു. മുതിർന്ന എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ ആണ് പാർട്ടി അധ്യക്ഷൻ ശരത് പവാറിൻ്റെ അനുമതിയോടെ പിരിച്ചു വിട്ടകാര്യം ബുധനാഴ്ച ട്വിറ്ററിൽ കുറിച്ചത്. അപ്രതീക്ഷിതമായുണ്ടായ നീക്കത്തിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
അതേ സമയം പാർട്ടിയുടെ ദേശീയ മഹിളാ കോൺഗ്രസ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്, നാഷണലിസ്റ്റ് സ്റ്റുഡന്റ്സ് കോൺഗ്രസ് എന്നീ ഘടകങ്ങൾ പിരിച്ചുവിട്ടിട്ടില്ല. പാർട്ടിയെ പുനഃസംഘടിപ്പിക്കുകയാണ് പുതിയ നീക്കത്തിൻ്റെ ലക്ഷ്യമെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിന്റെ തകർച്ചയ്ക്ക് മൂന്നാഴ്ചയ്ക്ക് ശേഷമാണ് കടുത്ത നടപടി. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎൽഎമാരിൽ ഒരു വിഭാഗം ഉദ്ധവ് താക്കറെയ്‌ക്കെതിരെ നടത്തിയ കലാപത്തെത്തുടർന്ന് ജൂൺ അവസാനത്തോടെ ശിഥിലമായ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിലെ പ്രധാന ഘടകകക്ഷിയായിരുന്നു എൻസിപി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക