ജിഎസ്ടി നിരക്ക് വർധനയിൽ ‘കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും’ യോജിച്ചു – നിർമല സീതാരാമൻ

അവശ്യസാധനങ്ങളുടെ ജിഎസ്ടി നിരക്ക് വർധനയെ കേരളം എതിർക്കുന്നുണ്ടെങ്കിലും, ജിഎസ്ടി കൗൺസിലിൽ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളുടെയും യോജിപ്പോടെയാണ് തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു.

നിരക്ക് വർധനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമലയുടെ വിശദീകരണം.

അവശ്യസാധനങ്ങളുടെ വില വർധിക്കാൻ കാരണമാകുന്ന നിരക്കു വർധന പിൻവലിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടുവെന്ന് കെ.എൻ ബാലഗോപാലും തിങ്കളാഴ്ച ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

എന്നാൽ അതേ ബാലഗോപാ‍ൽ പങ്കെടുത്ത ജിഎസ്ടി കൗൺസിലിലാണ് നിരക്കുവർധന സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമെടുത്തതെന്ന് നിർമല ട്വിറ്ററിൽ കുറിച്ചു. കേരളത്തിനു പുറമേ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തമിഴ്നാട്, ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും തീരുമാനത്തോട് യോജിച്ചു.

ജിഎസ്ടി കൗൺസിലിൽ നിര‍ക്കുവർധന ശുപാർശ ചെയ്ത മന്ത്രിതല ഉപസമിതിയിലും കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലുണ്ടായിരുന്നുവെന്ന് നിർമല പ്രത്യേകം ചൂണ്ടിക്കാട്ടി.

അതേ സമയം അവശ്യസാധനങ്ങൾക്കു മേൽ കേന്ദ്രം 5% നികുതി ചുമത്തിയെങ്കിലും കുടുംബശ്രീകളും ചെറുകിട വ്യാപാരികളും ചില്ലറയായി വിൽക്കുന്നവയ്ക്ക് കേരളത്തിൽ നികുതി ഈടാക്കില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി എന്തു പ്രശ്നമുണ്ടായാലും അംഗീകരിക്കില്ല. ചെറുകിട കച്ചവടക്കാരെയും ഉൽപാദകരെയും ബാധിക്കുന്ന തരത്തിൽ നികുതി ഈടാക്കില്ല. എന്നാൽ, വൻകിട സൂപ്പർമാർക്കറ്റുകളിൽ കടകളുടെ പേര് അച്ചടിച്ച കവറുകളിൽ വിൽക്കുന്നവയ്ക്ക് നികുതി ബാധകമായിരിക്കുമെന്നും ധനബിൽ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!