ഹൈമയിലെ വാഹനാപകടം: മരിച്ചത് കണ്ണൂർ സ്വദേശി, മൃതദേഹം നാട്ടിലെത്തിക്കും
ഒമാനിലെ ഹൈമയിൽ ഇന്നലെയുണ്ടായ വാഹനപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. വളരെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കാൻ ശ്രമിക്കുന്നതായി കെ.എം.സി.സി ഹൈമ പ്രസിഡന്‍റ് സലീം ചാഴൂർ പറഞ്ഞു.
ഇന്നലെ (ചൊവ്വാഴ്ച) വൈകീട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കണ്ണൂർ ആദികടലായി ചിറമ്മൽ തൈവളപ്പിൽ പി. ഷംസീർ (39) ആണ് മരിച്ചത്. കൂടാതെ മറ്റു അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹം ഹൈമ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നജീബ്-സറീന ദമ്പതികളുടെ മകനാണ് മരിച്ച ഷംസീർ.
സലാല സന്ദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ഹൈമക്കടുത്ത് വെച്ച് വാഹനത്തിൻ്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി റയീസ്, രാജസ്ഥാൻ സ്വദേശി ഇന്ദു മഗീജ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ നിസ് വ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റയീസിന്‍റെ തോളെല്ല് പൊട്ടിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്ദു മഗീജയുടെ തലക്കാണ് പരിക്ക്. നിസാര പരിക്കുകളേടെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ സ്വദേശി സമീർ, കോഴിക്കോട് സ്വദേശികളായ നജീബ്, സ്വാലിഹ നജീബ് എന്നിവരെ ഇന്നലെതന്നെ ആശുപത്രിയിൽ നിന്ന് സിഡ്ചാർജ് ചെയ്തു.
പാകിസ്താൻ സ്വദേശിയുടെ വാഹനത്തിൽ രണ്ട് ദിവസം മുമ്പാണ് സംഘം സലാലയിലേക്ക് യാത്ര തിരിച്ചത്. തിരിച്ച് വരുന്നതിനിടെ വാഹനത്തിന്‍റെ ടയർ ഒരിക്കൽ പഞ്ചറായിരുന്നു. അത് മാറ്റി സ്റ്റപ്പിനി ടയർ ഉപയോഗിച്ച് യാത്ര തുടരുന്നതിനിടെയാണ് രണ്ടാമതും അപകടത്തിൽപെടുന്നത്.
സഹോദരങ്ങൾ: ഷഫീഖ്, ഷർമിന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി എംബസിയിൽനിന്നുള്ള രേഖകളും മറ്റും ശരിയാക്കിയത് മസ്കത്തിലെ കെ.എം.സി.സി പ്രവർത്തകരായ അമീർ, റഫീഖ്, അബൂബക്കർ എന്നിവരായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക