വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരീനാഥ് അറസ്റ്റിൽ
ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എം.എൽ.എ കെ.എസ് ശബരീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തതായി സർക്കാർ അഭിഭാഷകൻ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയേയും സർക്കാർ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത രേഖകൾ ഹാജരാക്കണമെന്നും കോടതി പൊലീസിനോട് നിർദ്ദേശിച്ചു.
ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം കോടതിയെ അറിയിച്ചത്. തുടർന്ന് അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഉടൻ തന്നെ കോടതി പരിഗണിക്കും.
എന്നാൽ പൊലീസ് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ശബരീനാഥിനെ ചോദ്യം ചെയ്ത് വരികയാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ചോദ്യം ചെയ്യലിനായാണ് പൊലീസ് ശബരീനാഥിനെ വിളിച്ച് വരുത്തിയത്.
മുൻകൂർ ജാമ്യാപേക്ഷ നൽകിയ സമയത്ത് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിന് മുമ്പേ അറസ്റ്റ് രേഖപ്പെടുത്തിയതായി യൂത്ത് കോണ്ഗ്രസ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയ രേഖകൾ ഹാജരാക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചത്.
ശബരീനാഥിനെ ചോദ്യം ചെയ്യുന്ന പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോണ്ഗ്രസ് – കോണ്ഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
കൂടുതൽ വിവരങ്ങൾ ഉടൻ..
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക