കോഴിയിറച്ചി വന്‍ വിലക്കുറവില്‍; തുലാസ് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ച് തട്ടിപ്പ്, പ്രതിയെ അറസ്റ്റ് ചെയ്തു

എടപ്പാളിലെ അഫ്‌സലിന്റെ കടയില്‍ കോഴിയിറച്ചിക്ക് വില മറ്റ് കടകളിലേതിനേക്കാൾ വളരെ കുറവ്. ആളുകള്‍ മുഴുവന്‍ അവിടെനിന്ന് വാങ്ങാന്‍ തുടങ്ങി. ഇതോടെ മറ്റുകടകള്‍ പൂട്ടിപ്പോവുന്ന അവസ്ഥയെത്തി.

നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് കാര്യം പിടികിട്ടിയത്. അഫ്സലിൻ്റെ കടയിലെ ഇറച്ചി തുക്കത്തില്‍ കുറവാണ്. തുലാസിനെ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ചാണ് ഈ തട്ടിപ്പ് നടത്തിയിരുന്നത്. ഒട്ടുംതാമസിയാതെ വ്യാപാരിയെ നാട്ടുകാരും കച്ചവടക്കാരും പോലീസും ചേര്‍ന്ന് കുരുക്കി.

മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശിയും ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എംഎസ് ചിക്കന്‍ സ്റ്റാള്‍ ഉടമയുമായ അഫ്സൽ (31) ആണ് തട്ടിപ്പ് കേസിൽ പിടിയിലായത്.

ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവുമാണ് അഫ്സലിനെ അറസ്റ്റുചെയ്തത്. തൂക്കത്തില്‍ കൃത്രിമം കാണിക്കാനുപയോഗിച്ച റിമോട്ട് കണ്‍ട്രോളും ഇലക്ട്രോണിക് തുലാസുമടക്കം കടക്കാരനെ അറസ്റ്റുചെയ്തു. കട അടച്ച് പൂട്ടുകയും ചെയ്തു.

പെരുന്നാള്‍ കാലത്തടക്കം മറ്റു കടകളില്‍ നിന്ന് വ്യത്യസ്തമായി കോഴിയിറച്ചി കിലോയ്ക്ക് പത്തും ഇരുപതും രൂപ വിലക്കുറവെന്ന് ബോര്‍ഡെഴുതി വെച്ചായിരുന്നു തട്ടിപ്പ്. വിലക്കുറവിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് ഇവിടേക്ക് വലിയ തോതില്‍ ആളുകളെത്തിയിരുന്നു. ഇതോടെ മറ്റു കടക്കാരെല്ലാം നഷ്ടത്തിലായി. ഇവരാണ് കള്ളത്തരം കൈയോടെ പിടികൂടിയത്.

തുലാസില്‍ കോഴിയിറച്ചി വെക്കുമ്പോള്‍ ഒരുകിലോ ആകുംമുന്‍പു തന്നെ സ്‌ക്രീനില്‍ ഒരു കിലോയെന്നു തെളിയും. റിമോട്ട് ഉപയോഗിച്ച് തുലാസ് നിയന്ത്രിച്ചാണ് ഇത് ചെയ്യുന്നത്. ഇതിനു പിന്നിലെ സാങ്കേതിക കാര്യങ്ങളും മറ്റേതെങ്കിലും കടകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നതുമൊക്കെ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

തുലാസ് സീല്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. വഞ്ചന, അളവുതൂക്ക വെട്ടിപ്പ് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.
എസ്.ഐ.മാരായ വിജയന്‍, രാജേന്ദ്രന്‍, ഖാലിദ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!