സാങ്കേതിക തകരാർ തുടരുന്നു; ഗോ ഫസ്റ്റിൻ്റെ രണ്ട് വിമാനങ്ങൾ തിരിച്ചിറിക്കി

എയർ കാരിയറായ ഗോ ഫസ്റ്റിന്റെ രണ്ട് വിമാനങ്ങൾ എൻജിൻ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് താഴെയിറക്കിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

മുംബൈ- ലേ, ശ്രീനഗർ – ന്യൂഡൽഹി റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളാണ് താഴെയിറക്കിയത്. 

ചൊവ്വാഴ്ച എഞ്ചിൻ നമ്പർ 2-ൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോ ഫസ്റ്റിന്റെ മുംബൈ-ലേ വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായി ഡിജിസിഎ അധികൃതർ അറിയിച്ചു.

വിമാനത്തിന്റെ എഞ്ചിൻ നമ്പർ 2 ന് വായുവിൽ തകരാർ കാണിച്ചതിനെ തുടർന്ന് ഗോ ഫസ്റ്റിന്റെ ശ്രീനഗർ-ഡൽഹി വിമാനവും ശ്രീനഗറിലേക്ക് മടങ്ങി.

ഇക്കാര്യം അന്വേഷിക്കുകയാണെന്നും ഡിജിസിഎ അനുമതി ലഭിച്ചാലേ വിമാനങ്ങൾ പറത്തൂവെന്നും സിവിൽ ഏവിയേഷൻ റെഗുലേറ്റർ വ്യക്തമാക്കി.

കഴിഞ്ഞ മാസത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ പറത്തിയ വിമാനങ്ങളിൽ ഒന്നിലധികം സാങ്കേതിക തകരാറുകൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സുരക്ഷാ മേൽനോട്ടം ഉറപ്പാക്കുന്നതിനായി എയർലൈനുകളുമായും അദ്ദേഹത്തിന്റെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും ഡിജിസിഎ ഉദ്യോഗസ്ഥരുമായും ഒന്നിലധികം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് സിന്ധ്യ ആവർത്തിച്ചിരുന്നു.

യാത്രക്കാരുടെ സുരക്ഷയെ തടസ്സപ്പെടുത്തുന്ന ചെറിയ പിഴവ് പോലും വിശദമായി പരിശോധിച്ച് തിരുത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

“യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. സുരക്ഷയെ തടസ്സപ്പെടുത്തുന്ന ഏറ്റവും ചെറിയ പിശക് പോലും സമഗ്രമായി അന്വേഷിച്ച് ശരിയാക്കും,” സ്‌പൈസ് ജെറ്റിന് ഏവിയേഷൻ റെഗുലേറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പങ്കിടുമ്പോൾ സിന്ധ്യ പറഞ്ഞു. 

ഡിജിസിഎ തിങ്കളാഴ്ച സ്‌പോട്ട് ചെക്കുകൾ നടത്തിയെന്നും ടേക്ക് ഓഫിന് മുമ്പ് മതിയായ എണ്ണം എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ വിവിധ കാരിയറുകളുടെ വിമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തിയതായും അറിയിച്ചു.

ഓരോ യാത്രയ്ക്കും മുമ്പായി, ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ (AME) വിമാനം പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!