ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് കസ്റ്റഡിയിൽ; നികുതി കുടുശ്ശിക വരുത്തിയതിനെന്ന് വിശദീകരണം
ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് മോട്ടർ വാഹന വകുപ്പിന്റെ കസ്റ്റഡിയിൽ. വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ബസാണ് കസ്റ്റഡിയിലുള്ളത്. ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ എത്തിച്ചപ്പോഴാണ് ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.
ബസിന്റെ നികുതി അടച്ചില്ലെന്ന കാരണത്താലാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആറു മാസത്തെ നികുതി കുടിശികയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർടിഒ അധികൃതർ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആർടിഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഡി.ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനു കഴിഞ്ഞ ദിവസം ഇതേ വിമാന കമ്പനി 3 ആഴ്ചത്തെ യാത്ര വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടന്ന് വരുന്നതിനിടെയാണ് ഇൻഡിഗോയുടെ ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക