പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു

പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു.

അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ നൂപുറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

നൂപുറിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നാക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങളോടാണ് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.

എല്ലാ കേസുകളും ഡൽഹി കോടതിയിലേക്ക് മാറ്റുന്നതാണോ നുപുറിന് താൽപര്യം എന്ന് സുപ്രീംകോടതി ആരാഞ്ഞു. നിലവിലുള്ള എഫ്‌.ഐ.ആറുകളിലോ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് പുതുതായി അവർക്കെതിരെ രജിസ്റ്റർ ചെയ്തേക്കാവുന്ന ഏതെങ്കിലും എഫ്‌.ഐ.ആറിലോ നൂപുറിനെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. നേരത്തെ ഇവരുടെ ഹർജി പരിഗണിച്ച അതേ ബെഞ്ചാണ് ഇത്തവണയും കേസ് പരിഗണിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒന്‍പത് എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നൂപുറിന്റെ ഹര്‍ജി ഓഗസ്റ്റ് പത്തിന് കോടതി വീണ്ടും പരിഗണിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!