നീറ്റ് പരീക്ഷ വിവാദം: വിദ്യാർഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് 4 സ്ത്രീകള്‍; ചോദ്യം ചെയ്ത് പൊലീസ്, കോളേജില്‍ സംഘര്‍ഷം, ലാത്തിച്ചാർജ്

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ അന്വേഷണസംഘം എത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു. നാല് വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവർ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ഇന്നുണ്ടായേക്കും. കഴിഞ്ഞ ദിവസം പരാതി നൽകിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികൾക്കു പുറമെ മൂന്നു വിദ്യാർഥിനികൾ കൂടി ചടയമംഗലം പൊലീസിൽ പരാതി നൽകി.

വനിതാ കമ്മിഷന്‍ അംഗങ്ങളും കോളജിലെത്തി. കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കുട്ടികള്‍ വലിയ മാനസിക പീഡനത്തിന് ഇരയായി. വസ്ത്രമഴിച്ച് പരിശോധന നടത്തിയത് കോളജ് ജീവനക്കാരാണോ എന്നും അന്വേഷിക്കുമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മിഷനുകളും കേസെടുത്തിരുന്നു.

ഇതിനിടെ ആയൂരിലെ മാര്‍ത്തോമാ കോളേജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന വിഷയത്തിലാണ് കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി. പ്രവര്‍ത്തകര്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോളേജ് വളപ്പിലേക്ക് അതിക്രമിച്ചുകയറിയ പ്രതിഷേധക്കാര്‍ കോളേജിന് നേരേ കല്ലെറിയുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പോലീസിന് നേരേയും കല്ലേറുണ്ടായി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

കെ.എസ്.യു. പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി കോളേജിലേക്ക് എത്തിയത്. ഇവര്‍ പോലീസിന് നേരേ കല്ലെറിഞ്ഞു. ഇതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരേ ലാത്തിവീശി. പിന്നാലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെയും പ്രകടനമെത്തി. ഇവര്‍ കോളേജിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തതോടെ പോലീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരേയും ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ എ.ബി.വി.പിക്കാരും പ്രതിഷേധവുമായി കോളേജിന് മുന്നിലെത്തി കല്ലേറ് നടത്തുകയായിരുന്നു.

സംഘര്‍ഷത്തിനിടെ കോളേജ് വളപ്പിനുള്ളില്‍ കടന്ന ചിലര്‍ നിരവധി ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കോളേജ് വളപ്പിലും പുറത്തും ഏകദേശം അരമണിക്കൂറോളം കലാപന്തരീക്ഷമായിരുന്നു. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ ചില പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോളേജ് പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

എന്നാൽ നീറ്റ് പരീക്ഷത്തെത്തിയ കുട്ടികളെ പരിശോധിച്ചതിൽ കോളേജിന് യാതൊരു ബന്ധവുമില്ലെന്നും, ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നുവെന്നും,  ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി അധികൃതർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!