ഹിന്ദു മഹാസഭയുടെ ആരോപണങ്ങൾ തള്ളി ലുലു മാൾ; 80 ശതമാനം ജീവനക്കാരും ഹിന്ദുക്കൾ

ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ലുലു മാളിൽ ഒരു കൂട്ടം ആളുകൾ നമസ്‌കരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ, സ്ഥാപനത്തിലെ ജീവനക്കാരിൽ 80 ശതമാനവും ഹിന്ദുക്കളാണെന്ന് മാൾ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.  

തൊഴിൽ നൽകുന്നതിൽ മാൾ മാനേജ്മെൻ്റ് പക്ഷപാതം കാണിക്കുകയും മുസ്ലീങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തുവെന്ന ആരോപണത്തിന് മറുപടിയായാണ് വിശദീകരണം. തീവ്ര ഹിന്ദു വിഭാഗങ്ങളുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ മാൻ മാനേജ്മെൻ്റ് തളളി കളഞ്ഞുകൊണ്ടാണ് കൃത്യമായ കണക്കുകൾ പുറത്ത് വിട്ടത്. ഒരു വിവേചനവുമില്ലാതെ ബിസിനസ്സ് നടത്തുന്ന തികച്ചും പ്രൊഫഷണൽ സ്ഥാപനമാണ് ലുലു മാൾ എന്നും മാനേജ്മെൻ്റ് വ്യക്തമാക്കി.

ലുലു മാളിന്റെ മാതൃ കമ്പനിയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ആസ്ഥാനം യു.എ.ഇിലെ അബുദാബിയിലാണ്.

ഞങ്ങളുടെ ജീവനക്കാരെ നിയമിക്കുന്നത് കഴിവുകളുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നും, ജാതി, ക്ലാസ്, മതം എന്നിവ അടിസ്ഥാനമാക്കിയല്ലെന്നും മാനേജ്മെൻ്റ് വിശദീകരിച്ചു.

ചില സ്വാർത്ഥ താൽപര്യക്കാർ ഞങ്ങളുടെ സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നത് സങ്കടകരമാണ്. ജീവനക്കാരിൽ 80 ശതമാനം ഹിന്ദുക്കളും ബാക്കിയുള്ളവർ മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റ് വിവിധ സമുദായങ്ങളിൽ നിന്നുള്ളവരുമാണെന്നും മാനേജ്മെൻ്റ് കുട്ടിച്ചേർത്തു.
സ്ഥാപനത്തിനകത്ത് ദുരുദ്ദേശ്യത്തോടെ പ്രാർത്ഥന നടത്തി വിവാദമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരിൽ ലുലു മാൾ അഡ്മിനിസ്ട്രേഷൻ എഫ്‌ഐആർ ഫയൽ ചെയ്യുകയും, ഉചിതമായ നടപടി സ്വീകരിച്ചതായും പ്രസ്താവനയിൽ പറയുന്നു.

ശനിയാഴ്ച ലുലു മാളിൽ പ്രവേശിച്ച് ഹനുമാൻ ചാലിസ ചൊല്ലാൻ തുടങ്ങിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഷോപ്പിംഗ് മാളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളം സൃഷ്ടിച്ചതിന് 15 പേരെയും കസ്റ്റഡിയിലെടുത്തു.

അടുത്തിടെ മാളിൽ നമസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന ഒരു കൂട്ടം അജ്ഞാതർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ പ്രവൃത്തി) എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണിത്. .

വീഡിയോയിൽ കാണുന്നവർ തങ്ങളുടെ ജീവനക്കാരല്ലെന്ന് മാളിന്റെ പ്രതിനിധികളുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 10 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ വ്യവസായിയായ എം.എ യൂസഫ് അലി നേതൃത്വത്തിലുള്ള അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പാണ് യു.പിയിലെ ലഖ്നൌവിലും ലുലുമാൾ തുറന്നത്.
ഇതിനുപിന്നാലെ, ഇവിടെ സന്ദർശനത്തിലെത്തിയ ചിലർ നമസ്‌കരിക്കുന്നതിന്റെ വിഡിയോ ഹിന്ദു മഹാസഭ, ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ പ്രചരിപ്പിച്ചിരുന്നു. മാൾ ജീവനക്കാരിൽ 70ശതമാനവും മുസ്‍ലികളായ പുരുഷന്മാരാണെന്നും, സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാർ ഹിന്ദുക്കളാണെന്നും, മാൾ കേന്ദ്രീകരിച്ച് ലൌ ജിഹാദിന് ശ്രമം നടക്കുന്നുവെന്നും ഇവർ പ്രചരിപ്പിച്ചു.

സംഭവം വിവാദമായതോടെ മാളിൽ മതപരമായ പ്രാർഥനകൾക്ക് വിലക്കേർപ്പെടുത്തി മാനേജ്മെന്റ് ബോർഡ് സ്ഥാപിച്ചു.

എന്നാൽ, കഴിഞ്ഞദിവസം മാൾ മാനേജ്മെൻ്റ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങൾ നമസ്കാര വിവാദം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

മാള്‍ അധികൃതര്‍ പൊലീസിന് കൈമാറിയ സി.സി.ടി.വി ദൃശ്യങ്ങളില്‍ എട്ട് പുരുഷന്മാര്‍ എത്തി ഏതെങ്കിലും ഷോറൂം സന്ദര്‍ശിക്കാതെ ഉടൻ നമസ്‌കരിക്കാൻ ഇടം തേടുന്നതാണ് കാണുന്നത്.

താഴത്തെ നിലകളിൽ നമസ്കരിക്കാൻ ശ്രമം നടത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ തടയുന്നതും, തുടർന്ന് രണ്ടാം നിലയിൽ യുവാക്കൾ നമസ്‌കാരം തുടങ്ങുകുയം 18 സെക്കൻഡിൽ പൂർത്തിയാക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന്‍റെ വീഡിയോ രണ്ടുപേർ പകർത്തുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!