മൂന്ന് മക്കളെ ഉപേക്ഷിച്ച് പബ്ജിയി ഗെയിമിലൂടെ പരിചയപ്പെട്ട ആളോടൊപ്പം ഒളിച്ചോടി; മലപ്പുറത്തെ യുവതിയെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി

മൂന്നു മക്കളെയും കുടുംബത്തേയും ഉപേക്ഷിച്ച് പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ 27-കാരിയെ പോലീസ് കണ്ടെത്തി. മലപ്പുറം ജില്ലയിലെ താനൂരില്‍നിന്ന് പോയ യുവതിയെ 8 മാസങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍നിന്ന് താനൂര്‍ പോലീസ് കണ്ടെത്തിയത്.

മൂന്നുമക്കളുടെ അമ്മയായ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് തന്നെയാണ് കഴിഞ്ഞ ഒക്ടോബറില്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പും യുവതി മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് നാടുവിട്ടിരുന്നു. അന്ന് കല്പകഞ്ചേരി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തി യുവതിയെ തിരികെയെത്തിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തംവീട്ടില്‍നിന്നാണ് യുവതി വീണ്ടും നാടുവിട്ടത്.

27-കാരിയായ യുവതിയുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തില്‍ യുവതി തമിഴ്‌നാട്ടിലുണ്ടെന്ന് വ്യക്തമായി. എന്നാല്‍ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയതോടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായില്ല.

ഇതിനിടെ, താനൂരില്‍നിന്നുള്ള പോലീസ് സംഘം യുവതിയെ അന്വോഷിച്ച് ഒരു തവണ തമിഴ്‌നാട്ടിലെ കരൂരില്‍ എത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം.

യുവതിയുടെ നേരത്തെ ലഭിച്ച ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം കരൂരിലെത്തിയത്. എന്നാല്‍ പോലീസ് അന്വേഷിച്ചെത്തിയത് മനസിലാക്കിയ യുവതിയും കാമുകനും ഇവിടെനിന്ന് മുങ്ങുകയായിരുന്നു. ഇതോടെ പോലീസ് സംഘം മടങ്ങി.

ഇതിനുപിന്നാലെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് സംഘം വീണ്ടും തമിഴ്‌നാട്ടിലേക്ക് തിരിച്ചത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ യുവതിയുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഈ യാത്ര. ഒടുവില്‍ എസ്.ഐ. രാജു, സീനിയര്‍ സി.പി.ഒ. നൗഷാദ്, സി.പി.ഒ. കൃഷ്ണപ്രസാദ്, പ്രശോഭ് എന്നിവരടങ്ങിയ സംഘം ദിണ്ഡിഗലിലെ ഒരു കോളനിയില്‍നിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു.

കാമുകന്റെ സഹോദരിയുടെ വീട്ടില്‍നിന്നാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, യുവതിയുടെ കാമുകനെ അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല.

പോലീസിന്റെ ചോദ്യംചെയ്യലിലാണ് പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട തമിഴ്‌നാട് ആണ്ടിപ്പെട്ടി സ്വദേശിക്കൊപ്പമാണ് താന്‍ പോയതെന്ന് 27-കാരി വെളിപ്പെടുത്തിയത്. യുവതി മൊബൈല്‍ഫോണില്‍ പതിവായി പബ്ജി കളിച്ചിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി പരിചയത്തിലായത്. ഒരുമിച്ച് ഗെയിം കളിച്ചുള്ള ഈ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നതോടെ മൂന്നുമക്കളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോവുകയായിരുന്നു.

മിസിങ് കേസില്‍ യുവതിയെ കണ്ടെത്തിയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിന് 27-കാരിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. നിലവില്‍ യുവതി റിമാന്‍ഡിലാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!