നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചു പരിശോധന; വനിതാ ഉദ്യോഗസ്ഥയുടെ ക്രൂര നടപടി വിവാദമാകുന്നു
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി.
കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനി റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. പരീക്ഷയ്‌ക്കെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥിനികള്‍ക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു.
പരീക്ഷ എഴുതാനായി പരീക്ഷാ കേന്ദ്രത്തിൻ്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. ശേഷം അടിവസ്ത്രം മുഴുവന്‍ ഊരി വയ്ക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടു.
18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായിസംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു.
പരീക്ഷയാണോ ഡ്രസ് അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് പ്രധാനം എന്നായിരുന്നു വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. മാറിനിന്ന് കരയുന്നത് കണ്ട കുട്ടിയോട് മറ്റൊരു ഉദ്യോഗസ്ഥന്‍ എത്തിയ ശേഷം കാര്യം അന്വോഷിച്ചു. കുട്ടിയുട അമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് രക്ഷിതാക്കളോട് ഗേറ്റില്‍ എത്താന്‍ ആവശ്യപ്പെടുകയും ഷോള്‍ വേണമെന്ന് ആവശ്യപ്പെടുകയും. തുടര്‍ന്ന് അമ്മയുടെ ഷാള്‍ നല്‍കുകയുമായിരുന്നു.
തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ കാറില്‍വെച്ച് പരീക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴാണ് കുട്ടി പൊട്ടിക്കരയുകയും പരീക്ഷയെഴുതുന്നതിനിടെ തനിക്കുണ്ടായ മാനസിക സംഘർഷം വീട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തത്. തനിക്ക് നേരിട്ട മാനസികാഘാതത്തില്‍നിന്ന് കുട്ടി ഇനിയും മുക്തയായിട്ടില്ല.
ശൂരനാട് സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിക്കും സമാനമായ അനുഭവമുണ്ടായി എന്നും റിപ്പോർട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക