കണ്ണുനീർ വറ്റാത്ത ഉമ്മയുടെ കാത്തിരിപ്പിന് വിരാമമായി; 22 വർഷത്തിന് ശേഷം നിയമകുരുക്കിൽ നിന്ന് രക്ഷപ്പെട്ട് ഷരീഫ് നാട്ടിലെത്തി

ഇരുപത്തി രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഷരീഫ് നാടണഞ്ഞു. പാലക്കാട്‌ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫാണ് സൗദിയിലെ നിയമകുരുക്കുകളിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. സിനിമാ കഥകളെ വെല്ലുന്ന ദുരിതമായിരുന്നു ഷരീഫ് അനുഭവിച്ചിരുന്നത്. മകൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലുമറിയാതെ കണ്ണീരിനാൽ കുതിർന്ന നമസ്കാരപായയിൽ കാൽ നൂറ്റാണ്ടോളമാണ് ആ ഉമ്മ പ്രാർത്ഥനകളുമായി കഴിഞ്ഞ് കൂടിയത്. ഒടുവിൽ ഉമ്മ ഫാത്തിമയുടേയും ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിന്റെയും അടുത്തെത്തിയത് സുമനസുകളുടെ ഇടപെടലിലൂടെയാണ്. 22 വർഷം മുമ്പ് സൗദിയിൽ എത്തിയിട്ട് ഒരിക്കൽപോലും നാട്ടിൽ പോകാൻ കഴിയാത്ത നിയമകുരുക്കിലായിരുന്നു ശരീഫ്.

സൌദിയിലെ ഹാഇലിൽ മുഖക്ക് എന്ന് നഗരത്തിലാണ് 22 വർഷം മുമ്പ് ശരീഫ് ജോലിക്കെത്തിയത്. ആടിനെ മേയ്ക്കലും കൃഷിസ്ഥലം (മസ്റ) നനക്കലുമായിരുന്നു ആദ്യ ജോലി. പിന്നീട് ടാക്സി ഓടിക്കലും വർക്ക്ഷോപ്പ് നടത്തലുമൊക്കെയായി.

ജീവിതം പച്ചപിടിച്ചപ്പോൾ മലയാളികൾ ഉൾപ്പടെ അനേകം സുഹൃത്തുക്കളും പ്രവാസലോകത്തുണ്ടായി. ഉദാര മനസ്കനായ ശരീഫിൽ നിന്നും പലരും പലപ്പോഴായി പണം കടം വാങ്ങിയിരുന്നു. വാങ്ങിയർ പലരും പറ്റിച്ച് നാട് കടന്നു. ചിലർ തിരികെ കൊടുക്കാതെ വർഷങ്ങൾ കഴിച്ചുകൂട്ടി. ഇതിനിടയിൽ ശരീഫിൻ്റെ ഇഖാമ നഷ്ടപ്പെട്ടു. ഇതിനിടയിലാണ് സ്പോൺസർ ശരീഫിനെ ഹുറൂബ് (ഒളിച്ചോടിയെന്ന) എന്ന കേസിൽപ്പെടുത്തിയത്.

ചെയ്ത ജോലികൾ പലതും തകർന്നു. സാമ്പത്തിക തകർച്ച നേരിട്ടപ്പോൾ കടം കൊടുത്തവരെ സമിപിച്ചു നോക്കി. അവരിൽ പലരും പണം തിരികെ നൽകാതെ ചതിച്ചു. ഇതിനിടയിൽ നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് സ്പോൺസറിൽ നിന്നും പാസ്പ്പോർട്ട് നഷ്ടപ്പെട്ട കാര്യം ശരീഫ് അറിയുന്നത്. ഇത് ശരീഫിനെ മാനസികമായും തളർത്തി.

താമസരേഖ ഇല്ലാത്ത ശരീഫ് അതോടെ വലിയ നിയമകുരുക്കുകളിലായി. നാട്ടിൽ പോകാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ശരീഫിന്റെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി ഭാരവാഹി അഷറഫ് അഞ്ചരകണ്ടി ഹാഇലിലെ ജീവകാരുണ്യ പ്രവർത്തകനായ ചാൻസ അബ്ദുറഹ്മാനെ സമീപിച്ചു.

എട്ട് മാസം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് എല്ലാ നിയമ കുരുക്കുകളും അഴിച്ചെടുത്ത് നാടണയാൻ വഴിതെളിഞ്ഞത്. ഇന്ത്യൻ എംമ്പസിയുമായും നാട്ടിലെ കുടുംബങ്ങളുമായും ചാൻസ അബ്ദുറഹ്മാൻ നിരന്തരം ഇടപ്പെട്ടുകൊണ്ടാണ് ഇതിന് വഴിയൊരുക്കിയത്.

കലക്ടറേറ്റിൽ നിന്നും ഇന്ത്യൻ പൗതത്വം തെളിയിക്കുന്ന രേഖകൾ ശരിയാക്കാനും പുതിയ പാസ്പോർട്ട് ഉണ്ടാക്കാനും യാത്രാരേഖകൾ തയാറാക്കാനും വലിയ ശ്രമങ്ങൾ തന്നെ വേണ്ടിവന്നു.

കടം വാങ്ങിയവരുടെ പണം തിരികെ വാങ്ങി നാട്ടിലെത്തിക്കാൻ ഹാഇലിലെ ഹബീബ് മെഡിക്കൽ സെന്റർ മാനേജർ നിസാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാഇൽ എയർപോർട്ടിൽനിന്നും ചാൻസ അബ്ദുറഹ്മാനും മറ്റ് രണ്ട് യാത്രക്കാരും ശരീഫിന് ഒപ്പം റിയാദ് എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. എന്നാൽ റിയാദിലെ എമിഗ്രഷൻ കൗണ്ടറിൽ വീണ്ടും ശരീഫ് തടയപ്പെട്ടു. വിരലടയാളത്തിന്റെയും യാത്രാരേഖകളിലെ ചില പ്രശ്നങ്ങളുടെയും പേരിൽ യാത്ര മുടങ്ങുമെന്ന ഘട്ടത്തിലെത്തി.

ഈ സാഹചര്യത്തിൽ റിയാദിലെ സാമുഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ സഹായം ലഭിച്ചത് ഏറെ തുണയായി. എമിഗ്രഷൻ ഉദ്യോഗസ്ഥരുമായി ശിഹാബ് ബന്ധപ്പെട്ട് രണ്ട് മണിക്കുറിലേറെ നടത്തിയ ചർച്ചയുടെ ഫലമായി എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചു.

അതോടെ തടസങ്ങൾ മാറി ശരീഫിന് നാട്ടിലേക്ക് പറക്കാൻ വഴിയൊരുങ്ങി. മകൻ ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ ഉമ്മ ഫാത്തിമയുടെയും രണ്ട് പതിറ്റാണ്ട് പിടയ്ക്കുന്ന ഹൃദയവുമായി പ്രിയതമനെ കാത്തിരുന്ന ഭാര്യ റംല ബിഗത്തിന്റെയും ഉപ്പയെ കാണാൻ കൊതിച്ചിരുന്ന മകളുടെയും അടുത്തേക്ക്, പിറന്ന നാട്ടിലേക്ക് ഒടുവിൽ ശരീഫ് എത്തിച്ചേർന്നു.

ഇത്രയും നീണ്ടകാലത്തെ പ്രവാസത്തിന്റെ ദുഃഖഭാരങ്ങളുടെ മാറാപ്പും പേറി രോഗിയായാണ് ശരീഫിന്റെ മടക്കം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!