ലുലു മാളിലെ ആക്രമസംഭവങ്ങൾ ആസുത്രിതമെന്ന് സൂചന; 18 സെക്കൻ്റ് കൊണ്ട് നമസ്കാരം പൂർത്തിയാക്കിയതായി സി.സി.ടി.വി ദൃശ്യങ്ങൾ

ലഖ്‌നൗവിലെ ലുലു മാളിൽ ഏതാനും പേർ നമസ്കരിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതും തുടർന്നുണ്ടാ സംഭവങ്ങളും ഗൂഢാലോചനയാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്ത് വന്നു.

മുസ്ലീങ്ങളെ മാളിൽ പ്രാർത്ഥിക്കാൻ അനുവദിച്ചാൽ, ഹിന്ദു ആചാരപ്രകാരമുള്ള പ്രാർഥനനകൾ നടത്തുമെന്ന് പ്രകോപിതരായ ഹിന്ദു സംഘടനകൾ അവകാശപ്പെട്ടിരുന്നു. തുടർന്ന് വൻ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസം ലുലു മാളിന് മുന്നിൽ നടന്നിരുന്നത്.

രാമായണത്തിന്റെ ഒരു ഭാഗം വായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളിൽ എത്തുകയും ചെയ്തു. മാളിൽ ജോലി ചെയ്യുന്ന പുരുഷന്മാരിൽ 80% പേരും മുസ്ലീങ്ങളാണെന്നും സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും അവർ ആരോപിച്ചിരുന്നു. ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്ന് അവർ ഹിന്ദു സംഘടനകൾ ആരോപിച്ചിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ മാൾ തിങ്കളാഴ്ചയാണ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. ബുധനാഴ്ച മുതൽ വിവാദ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെ്യതു. മാളിൽ നമസ്കരിച്ചവർക്കെതിരെ മാൾ മാനേജ്‌മെന്റ് പരാതി നൽകുകയും, മാളിൽ പ്രാർഥന പാടില്ലെന്ന് ബോർഡ് വെക്കുകയും ചെയ്തിരുന്നു. മാൾ മാനേജ്മെൻ്റ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മാൾമാനേജ്മെൻ്റിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിരസിക്കുകയും, അവ തെറ്റാണെന്ന് തെളിയിക്കാൻ അവരുടെ ജീവനക്കാരുടെ വിവരങ്ങൾ പോലീസുമായും തീവ്ര ഹിന്ദു സംഘടനകളുമായും പങ്കിടുകയും ചെയ്തിരുന്നു.

മാളിനെ അപകീർത്തിപ്പെടുത്താനും സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും ബോധപൂർവം നടത്തിയ ശ്രമങ്ങളാണെന്നും തുടക്കും മുതൽ തന്നെ സംശയം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങൾ.

മാളിലെ  സിസിടിവി ദൃശ്യങ്ങളിൽ എട്ട് പുരുഷന്മാർ ഒരുമിച്ച് മാളിനകത്തേക്ക് പ്രവേശിക്കുന്നത് കാണാം. അവരാരും മാളിന്റെ ചുറ്റും നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദർശിക്കാനോ മാളിനകത്ത് കറങ്ങി നടക്കാനോ ശ്രമിക്കുന്നില്ല. മാത്രവുമല്ല അവർ ഒന്നും വാങ്ങുകയോ മാളിൽ നിന്ന് സെൽഫി എടുക്കാൻ താൽപ്പര്യം കാണിക്കുകയോ ചെയ്തില്ല. പ്രത്യക ദൌത്യത്തിനായി വന്നപോലെയായിരുന്നു അവരുടെ മാളിനകത്തെ ഇടപെടലുകൾ.

വളരെ തിരക്കുള്ളതായ പെരുമാറ്റമാണ് അവർക്കുണ്ടായിരുന്നത്. അവർ ഇരിക്കാനും നമസ്കരിക്കാനും പറ്റിയ സ്ഥലം തിരയുന്നത് ദൃശ്യങ്ങളിൽ കാണാം. നമസ്കാരത്തിനായി ആദ്യം ബേസ്മെൻ്റിലെത്തി. തുടർന്ന് താഴത്തെ നിലയും ഒന്നാം നിലയും നമസ്കരിക്കാനായി തിരഞ്ഞെടുത്തു. എന്നാൽ അവിടെ സെക്യൂരിറ്റി ഗാർഡുകൾ ഇവരെ തടയുകയുണ്ടായി. പിന്നീടാണ് താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് അവർ എത്തിയത്. ഇവരിൽ ആറ് പേർ ഉടൻ തന്നെ നമസ്‌കരിക്കാൻ ഇരുന്നു. ബാക്കിയുള്ള രണ്ട് പേർ വീഡിയോ റെക്കോർഡുചെയ്യുന്നതിലും ഫോട്ടോ എടുക്കുന്നതിലും ഏർപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്.

എങ്ങിനെയാണ് മുസ്ലീംങ്ങൾ നമസ്കരിക്കേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ അറിവില്ലാത്തവരാണ് നമസ്കരിക്കാനെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഇക്കാര്യം അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്തവ സ്ഥിരീകരിക്കുകയും ചെയ്തു. അക്രമികൾ ഉടൻ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നമസ്കാരം പൂർത്തിയാക്കാൻ ഏഴ് മുതൽ എട്ട് മിനിറ്റ് വരെ സമയം എടുക്കുമ്പോൾ, ഇവർ  ഒരു മിനുട്ടിനുള്ളിൽ (18 സെക്കൻ്റിനുള്ളിൽ) നമസ്കാരം പൂർത്തിയാക്കിയതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

തിടുക്കപ്പെട്ട് നമസ്‌കരിച്ച് വീഡിയോ റെക്കോർഡ് ചെയ്ത ശേഷം അവർ തിടുക്കത്തിൽ മാളിൽ നിന്ന് പുറത്തിറങ്ങിയതായും ദൃശ്യങ്ങളിൽ കാണാം.

 

 

വിവാദത്തിന്റെ തുടക്കത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിന് ശനിയാഴ്ച വൈകുന്നേരം ഡിസിപി (സൗത്ത്), സുശാന്ത് ഗോൾഫ് സിറ്റി ഇൻസ്പെക്ടർ എന്നിവരെ മാറ്റിയിരുന്നു. തുടർന്ന് മാൾ മാനേജ്‌മെന്റ് ദൃശ്യങ്ങൾ കണ്ടെത്താൻ സമയം തേടുകയും, കണ്ടെത്തിയ കുറ്റകരമായ ദൃശ്യങ്ങൾ പോലീസിന് കൈമാറുകയും ചെയ്തു.

ലഖ്‌നൗ സാമുദായിക സൗഹാർദത്തിന്റെയും ഗംഗാ-ജമുനി സംസ്‌കാരത്തിന്റെയും കേന്ദ്രമായിരിക്കെ, സാമുദായിക സംഘർഷം വളർത്താൻ ബോധപൂർവമായ ശ്രമമുണ്ടായതായി വ്യാപകമായ ആശങ്ക ഉയർന്നിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ വെള്ളിയാഴ്ച ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒരു യുവാവ് നമസ്‌കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് റെയിൽവേ ട്രാക്കുകൾക്കിടയിലുള്ള 900 വർഷം പഴക്കമുള്ള ഖമ്മൻ പീറിലെ മസാർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പോലുള്ള സംഘടനകൾ രംഗത്ത് വരികയും ചെയ്തു. എന്നാൽ മുസ്ലീങ്ങളേക്കാൾ കൂടുതൽ ഹിന്ദുക്കളാണ് മസാറിൽ പ്രാർത്ഥന നടത്തുന്നതെന്നാണ് പറയപ്പെടുന്നത്.

മതവിശ്വാസികളായ മുസ്‌ലിംകൾ പ്രാർത്ഥനകൾ നടത്തുന്നതിനേക്കാൾ വീഡിയോകൾ നിർമ്മിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധ്യതയില്ലെന്ന് സാമൂഹിക പ്രവർത്തകനായ ദീപക് കബീർ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!