ജീവിത ചെലവ് കുത്തനെ ഉയരും; നിത്യോപയോഗ സാധനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും നാളെ മുതൽ വില വർധിക്കും

കഴിഞ്ഞ മാസം അവസാനം ചേർന്ന 47-ാം ജിഎസ്ടി കൗണ്‍സില്‍ യോഗതീരുമാന പ്രകാരം ഇന്ത്യയിൽ നാളെ മുതൽ നിത്യോപയോഗ സാധനങ്ങൾക്കും വിവിധ സേവനങ്ങൾക്കും വിലവർധിക്കും. ജനജീവിതത്തെ സാരമായിതന്നെ ബാധിക്കും വിധമാണ് നാളെമുതൽ വിലക്കയറ്റം പ്രാബല്യത്തിലാകുക. അരിയും പയറും ഗോതമ്പും പാലും മത്സ്യവും മുതൽ ആശുപത്രി മുറികളും പെൻസിലും കത്തിയുംവരെ വിലവർധിക്കുന്നതിൽ ഉൾപ്പെടും. കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്കിലേർപ്പെടുത്തിയ വർധനവാണ് വിലക്കയറ്റത്തിന് കാരണം.

പാക്ക് ചെയ്ത ഇറച്ചി, മത്സ്യം, തൈര്, പനീർ, തേൻ, അരി, ഗോതമ്പ്, പയർ എന്നിവക്കെല്ലാം നികുതി ചുമത്താനുള്ള തീരുമാനം ജി.എസ്.ടി കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾക്ക് മാത്രമാണ് നികുതി ചുമത്തിയിരുന്നത്. അതേസമയം, പാക്ക് ചെയ്യാത്ത അരിയും നികുതിയുടെ പരിധിയിൽ വരുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ വിലക്കയറ്റതിന്റെ തോത് വീണ്ടും ഉയരും. ഉൽപന്നങ്ങളുടെ വില വീണ്ടും ഉയരുന്നത് പണപ്പെരുപ്പം രൂക്ഷമാക്കുമോയെന്നും ആശങ്കയുണ്ട്. എന്നാൽ, തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് വ്യാപാരികൾ ഉയർത്തുന്നത്. രാജ്യത്തിന്റെ പലയിടത്തും മൊത്തവിതരണ കേന്ദ്രങ്ങൾ അടച്ചിട്ടാണ് വ്യാപാരികളുടെ പ്രതിഷേധം.

 

വില വർധന ബാധകമാകുന്ന വസ്തുക്കളും സേവനങ്ങളും:

ലീഗല്‍ മെട്രോളജി നിയമ പ്രകാരം മൂന്‍കൂട്ടി ലേബല്‍ ചെയ്തിട്ടുള്ളതും പാക്ക് ചെയ്തതുമായ തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക് എന്നിവയ്ക്ക് 5 ശതമാനം നിരക്കില്‍ ജൂലൈ 18 മുതല്‍ ജിഎസ്ടി ഈടാക്കും. മുന്‍പ് ഈ സാധനങ്ങളെ ജിഎസ്ടി പരിധയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഭക്ഷ്യവസ്തുക്കൾക്ക് പുറമേ ​ആശുപത്രിവാസം, ഹോട്ടൽ മുറികൾ, എൽ.ഇ.ഡി ലൈറ്റുകൾ, പമ്പുകൾ, കത്തികൾ, ജൈവ വളം, ചകിരിച്ചോറ്, കമ്പോസ്റ്റ് എന്നിവയുടെ നികുതിയും ഉയർത്തിയിട്ടുണ്ട്. കൂടാതെ ചെക്കുകള്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജ്ജിന് ഇനി മുതല്‍ 18 ശതമാനം ജിഎസ്ടി നല്‍കണം.

ഐ.സി.യു ഒഴികെയുള്ള ആശുപത്രി മുറിവാടകകളുടെ നികുതി വർധിയ്ക്കും. ഒരു രോഗിയ്ക്ക് വേണ്ടിയുള്ള മുറിയ്ക്ക് ദിവസം 5000 രൂപയ്ക്ക് മുകളില്‍ ഫീസ് വന്നാല്‍ ഫീസിന്റെ 5 ശതമാനം ജിഎസ്ടി ഇനത്തില്‍ നല്‍കണം.

വിദ്യാർഥികൾക്കുൾപ്പെടെ അറ്റ്‌ലസുകള്‍ ഉള്‍പ്പെടെയുള്ള ഭൂപടങ്ങളും ചാര്‍ട്ടുകളും വാങ്ങിക്കാന്‍ 18 ശതമാനം ജിഎസ്ടിയാണ് ഇനി നല്‍കേണ്ടത്.

ദിവസം 1000 രൂപയില്‍ താഴെ വാടക വരുന്ന ഹോട്ടല്‍ മുറികളെ 12 ശതമാനം ജിഎസ്ടി സ്ലാബിന്റെ പരിധിയിലുൾപ്പെടുത്തും. ഇത് വരെ ഇത്തരം റൂമുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

എല്‍ഇഡി ലൈറ്റുകള്‍, എല്‍ഇഡി ലാമ്പുകള്‍ തുടങ്ങിയവയ്ക്കും വില ഉയരും. ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തിയതാണ് ഇതിന് കാരണം.

കത്തികള്‍, പേപ്പര്‍ കട്ടറുകള്‍, പെന്‍സില്‍, ബ്ലേഡ്, ഫോര്‍ക്ക്, തവി, കേക്ക് സേര്‍വറുകള്‍ തുടങ്ങിയവയെല്ലാം ഇനി 18 ശതമാനം ജിഎസ്ടി സ്ലാബിന്റെ പരിധിയിലാണ് വരിക. നേരത്തെ ഇത് 12 ശതമാനമായിരുന്നു.

അതേസമം, ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം തുടങ്ങിയവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന ചര്‍ച്ചകള്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില വർധിക്കും. മിൽമയുടെ തൈര്, മോര്, ലെസ്സി ഉത്പന്നങ്ങൾക്കാണ് വില കൂട്ടുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു. 5 ശതമാനം ജി.എസ്‍.ടി ഏർപ്പെടുത്താനുള്ള ജി.എസ്‍.ടി കൗൺസിൽ തീരുമാനപ്രകാരമാണ് വില ഉയർത്തുന്നത്. പുതുക്കിയ വില വിവര പട്ടിക നാളെ പ്രസിദ്ധീകരിക്കും.

പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവക്കും 5 ശതമാനം നികുതി ഉയർത്തിയിട്ടുണ്ട്. ഇതും നാളെ പ്രാബല്യത്തിലാകും. അരിക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ ഉയരാനാണ് സാധ്യത.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!