തുടർകഥയാകുന്ന സാങ്കേതിക തകരാറുകൾ; വിമാനയാത്ര ഭീതിജനകമാകുന്നുവോ ?
സുഹൈല അജ്മൽ
മുൻ കാലങ്ങളെ അപേക്ഷിച്ച് വിമാനങ്ങൾക്ക് സാങ്കേതിക തകരാറുകൾ സംഭവിക്കുന്നത് അടുത്തിടെയായി വർധിച്ചു വരുന്നതായി നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനാൽ തന്നെ ആശങ്കയോടെയും ഭീതിയോടെയുമാണ് യാത്രയിലെ ഓരോ മിനുട്ടും യാത്രക്കാർ പൂർത്തിയാക്കുന്നത്.
ഇന്ത്യൻ വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് സാങ്കേതിക തകരാറുകൾ സംഭവിക്കുന്നതും അറൈവൽ പോയിൻ്റിലെത്താതെ മറ്റു വിമാനത്താവളങ്ങളിൽ അടിയന്തിര ലാൻഡിംഗ് നടത്തുന്നതും തുടർക്കഥവയാകുകയാണ്. വിദേശ രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വളരെ അപൂർവമായി മാത്രമാണ് ഇത്തരം സാങ്കേതിക തകരാറുകൾ സംഭവിക്കുന്നത് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.
ഇന്ന് ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ഇൻഡിഗോയുടെ 6ഇ-1406 എന്ന വിമാനത്തിൻ്റെ എഞ്ചിൻ 2 വിൽ തകരാറ് കണ്ടത്തിയതിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ അടിയന്തിര ലാൻഡിംഗ് നടത്തേണ്ടി വന്നു.
രണ്ട് ദിവസം മുമ്പാണ് സാങ്കേതിക തകരാർ മൂലം ഇൻഡിഗോയുടെ മറ്റൊരു വിമാനം ബാംഗ്ലൂരിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. സൌദിയിലെ ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E1366 വിമാനമാണ് ബാഗ്ലൂരിൽ അടിയന്തിരമായി ഇറക്കേണ്ടി വന്നത്.
വിമാനത്തിന്റെ എഞ്ചിനുകളിൽ പ്രകമ്പനം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇൻഡിഗോയുടെ ഡൽഹി-വഡോദര വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തിവരികയാണ്.
രണ്ടാഴ്ചക്കിടെ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾക്ക് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലക്ഷ്യസ്ഥാനത്തെത്താതെ പാക്കിസ്ഥാനിൽ ലാൻഡ് ചെയ്യേണ്ടി വന്നു. ഈ മാസം ആദ്യം ഡൽഹിയിൽനിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനവും സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കിയിരുന്നു.
ഇന്ധന ടാങ്കിൽ ഇന്ധനം ക്രമാതീതമായി കുറവ് വരുന്നതായി പൈലറ്റിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് സ്പൈസ് ജെറ്റ് പാക്കിസ്ഥാനിൽ അടിയന്തിര ലാൻഡിംഗിന് അനുമതി തേടിയത്. കോക്പിറ്റിലെ ഇന്ധന സൂചിക ലൈറ്റ് ശരിയായി പ്രവര്‍ത്തിക്കാത്തതായിരുന്നു ഇതിന് കാരണമെന്ന് പിന്നീട് കണ്ടെത്തി.
2022 ജൂലൈ 5ന്, സ്‌പൈസ് ജെറ്റ് ബോയിംഗ് 737 ചരക്ക് വിമാനം കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ചോങ്കിംഗിലേക്ക് സർവീസ് നടത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. കാലാവസ്ഥ റഡാറിൽ കാലാവസ്ഥ കാണിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് (PIC) കൊൽക്കത്തയിലേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചു. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ തിരിച്ചിറക്കി.
ഇതുൾപ്പെടെ തകരാറിലായ സ്‌പൈസ് ജെറ്റിന്റെ മൂന്നാമത്തെ വിമാനമാണ് കൊൽക്കത്തയിലേക്ക് തിരിച്ചയച്ചത്. സ്പൈസ് ജെറ്റിൻ്റെ മറ്റൊരു വിമാനത്തിൻ്റെ വിൻഡ്‌ഷീൽഡിൽ വിള്ളൽ ഉണ്ടായതിനാൽ മുംബൈയിൽ തിരിച്ചിറക്കേണ്ടിയും വന്നിരുന്നു.
ജൂൺ 19 ന്, 185 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന വിമാനത്തിന്റെ എഞ്ചിന് പട്‌ന വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ തീപിടിക്കുകയുണ്ടായി. മിനിറ്റുകൾക്ക് ശേഷം വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു. പക്ഷി ഇടിച്ചതിനാലാണ് എഞ്ചിൻ തകരാറിലായിലായത്.
അതേദിവസം തന്നെ നടന്ന മറ്റൊരു സംഭവത്തിൽ, ക്യാബിൻ പ്രഷറൈസേഷൻ പ്രശ്‌നങ്ങൾ കാരണം ജബൽപൂരിലേക്കുള്ള വിമാനത്തിന് ഡൽഹിയിലേക്ക് മടങ്ങേണ്ടി വന്നു. ജൂൺ 24 നും ജൂൺ 25 നും ടേക്ക് ഓഫ് ചെയ്യുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് രണ്ട് വിമാനങ്ങൾ യാത്ര ഉപേക്ഷിച്ച് മടങ്ങേണ്ടി വരികയും ചെയ്തിരുന്നു.
ജൂലൈ ആദ്യവാരം ഡൽഹി-ജബൽപൂർ സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ പുക കണ്ടെത്തിയിരുന്നു. വിമാനം 5000 അടി പിന്നിട്ടപ്പോഴാണ് വിമാനത്തിനുള്ളിൽ പുക വ്യാപിച്ച് തുടങ്ങിയത്. തുടർന്ന് യാത്രക്കാർക്ക് ശ്വാസ തടസ്സം നേരിടാൻ തുടങ്ങി. ഇതിനെ തുടർന്ന്സ്‌പൈസ് ജെറ്റ് വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറിക്കേണ്ടി വന്നു.
#WATCH | A SpiceJet aircraft operating from Delhi to Jabalpur returned safely to the Delhi airport today morning after the crew noticed smoke in the cabin while passing 5000ft; passengers safely disembarked: SpiceJet Spokesperson pic.twitter.com/R1LwAVO4Mk
— ANI (@ANI) July 2, 2022
ജൂൺ 19 മുതൽ പതിനെട്ട് ദിവസത്തിനിടെ എട്ട് സാങ്കേതിക തകരാറുകളാണ് സ്‌പൈസ് ജെറ്റിന്റെ വിമാനത്തിന് സംഭവിച്ചത്. ഇതിനെ തുടർന്ന് ജൂലൈ 6 ന് ഡിജിസിഎ സ്പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
സ്പൈസ് ജെറ്റ് വിമാനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.
ഈ സംഭവത്തെ തുടർന്ന് യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ട്വിറ്ററില്‍ കുറിച്ചു.
1937ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ വിമാന സർവീസുകൾ സ്ഥാപിക്കുന്നതിൽ സ്പൈസ് ജെറ്റ് പരാജയപ്പെട്ടുവെന്ന് ഡിജിസിഎ ഇതിനകം പറഞ്ഞിട്ടുണ്ട്.
737 മാക്‌സ് വിമാനത്തിന്റെ പൈലറ്റുമാരെ തകരാറുള്ള സിമുലേറ്ററിൽ പരിശീലിപ്പിച്ചതിന് സ്‌പൈസ് ജെറ്റിനെതിരെ ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
തുടർച്ചായായുണ്ടാകുന്ന ഇത്തരം സുരക്ഷാ സാങ്കേതിക പ്രശ്നങ്ങൾ മൂലം യാത്രക്കാർ ഇത്തരം ലോ ബജറ്റ് വിമാനങ്ങളെ ഒഴിവാക്കി തുടങ്ങിയതായി ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു. ബ്ലൂം ബർഗിനായി 21,000 യാത്രക്കാരിൽ ലോക്കൽ സർക്കിളിൽ നടത്തിയ സർവേയിൽ 44 ശതമാനം യാത്രക്കാരും ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിമാന കമ്പനിയായ സപൈസ് ജെറ്റിനെ മാറ്റി നിറുത്തന്നതായാണ് കണ്ടെത്തിയത്. എയർ ഇന്ത്യ ലിമിറ്റഡും ഇൻഡിഗോയും 21 ശതമാനം പേരും, 18 ശതമാനം പേർ ഗോ ഫസ്റ്റിനേയും ഒഴിവാക്കുന്നതായി സർവേ ഫലം വ്യക്തമാക്കുന്നു. ഇന്ത്യൻ എയർലൈനുകളുടെ മോശം അറ്റകുറ്റപണികളാണ് ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് 44 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.
ഇന്ത്യൻ വിമാനങ്ങളിലെ സർവീസിനെ കുറിച്ച് നടത്തിയ സർവേയിൽ 79 ശതമാനം പേരും അഭിപ്രായപ്പെടുന്നത്, ഇൻഡിഗോയും, സ്പൈസ് ജെറ്റുമാണ് ഏറ്റവും മോശം സേവനങ്ങൾ നൽകുന്നതെന്നാണ്.
ഫ്ലൈറ്റുകളുടെ കാലതാമസം, മോശം വിമാന സർവീസ്, മോശം ബോർഡിംഗ് നടപടിക്രമങ്ങൾ, ടാറ്റി എയർക്രാഫ്റ്റ് ഇന്റീരിയർ എന്നീ കാരണങ്ങളാണ് സ്പൈസ് ജെറ്റും ഇൻഡിഗോയുമാണ് ഏറ്റവും മോശം വിമാന കമ്പനികൾ എന്ന് 79 ശതമാനം പേരും അഭിപ്രായപ്പെടാൻ കാരണം.
ഇന്ത്യൻ വിമാനകമ്പനികളുടെ ഇത്തരം സാങ്കേതിക പ്രശ്നങ്ങളും സുരക്ഷാ വീഴ്ചകളും യാത്രക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. മാറ്റി നിറുത്താൻ തീരുമാനിച്ചാലും പല സാഹചര്യങ്ങളിലും ഇത് സാധ്യമല്ല. പ്രത്യേകിച്ച് ഗൾഫ് യാത്രക്കാരായ പ്രവാസികൾക്ക്. ബദൽ സംവിധാനങ്ങളില്ലാത്തതാണ് ജീവൻ പണയം വെച്ചും പ്രവാസികളെ ഇത്തരം വിമാനങ്ങളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാക്കുന്നത്.
വർഷങ്ങളുടെ കാത്തിരിപ്പും, നിരവധി സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചാണ് ഉറ്റവരേയും ഉടയവരേയും കാണാനായി പല പ്രവാസികളും നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങുന്നത്. ആ യാത്ര മനസമാധാനത്തോടെ പൂർത്തീകരിക്കാനാകാത്തത് വളരെ ദുഃഖകരമാണ്.
റണ് വേ റീ സ്ട്രങ്ത്തിനിങ്ങിൻ്റെ പേര് പറഞ്ഞ് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് മുതൽ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് ഇത്തരം ചെറിയ ബജറ്റ് വിമാനങ്ങൾ മാത്രമാണ് ആശ്രയം. ഇടക്കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്ക് പിൻവലിച്ചിരുന്നുവെങ്കിലും, ഇപ്പോഴും ചെറിയ വിമാനങ്ങൾ മാത്രമാണ് കരിപ്പൂരിലേക്ക് സർവീസ് നടത്തുന്നത്. മുഖ്യധാര സംഘടനകളൊക്കെയും കയ്യൊഴിയുമ്പോഴും, മലബാർ ഡെവലപ്പ്മെൻ്റ് ഫോറം പോലുള്ള കൂട്ടായ്മകളുടെ നിരന്തരമായ പോരാട്ടമാണ് കരിപ്പൂരിനെ ഇപ്പോഴുള്ള അവസ്ഥയിലെങ്കിലും നിലനിറുത്തുന്നത്.
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇന്ത്യൻ വിമാനങ്ങളെ ആശ്രയിക്കുന്നതിനേൾക്കാൾ അഭികാമ്യം ഗൾഫ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നതായിരിക്കും. ഒറ്റപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഗൾഫ് വിമാനങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത് ലോകത്തെല്ലായിടത്തും നിലവിലുള്ളതാണ്. അതേ സമയം ഇന്ത്യൻ വിമാനങ്ങളുടെ സുരക്ഷാ സാങ്കേതിക പ്രശ്നങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തകളാകുന്നത്ര വഷളായിരിക്കുന്നു.
ഡി.ജി.സി.എ യുടെ ഭാഗത്ത് നിന്ന് കൂടുതൽ ശക്തമായ നടപടിയുണ്ടായാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ അവസാനിപ്പിക്കാനാകൂ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക