ചർച്ചിലെ ഫാദറും പള്ളിയിലെ ഇമാമും എവിടെ ? ഹൈന്ദവ ആചാരപ്രകാരമുള്ള റോഡ് പ്രവൃത്തിയുടെ പൂജ തടഞ്ഞ് ഡി.എം.കെ എം.പി

ഹൈന്ദവ ആചാരപ്രകാരം റോഡ് പ്രവൃത്തിയുടെ ഭൂമിപൂജ നടത്താനുള്ള ശ്രമം ഡി.എം.കെ എം.പി ഡോ. എസ്. സെന്തിൽകുമാർ തടഞ്ഞു. ഇത്തരം ചടങ്ങുകൾക്ക് എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളെ ക്ഷണിക്കണമെന്നും, അതാണ് സർക്കാറിന്‍റെ നയമെന്നും വ്യക്തമാക്കിയാണ് എം.പി പൂജ തടഞ്ഞത്. തമിഴ്നാട്ടിലെ ധർമപുരിയിലാണ് സംഭവം.

ഹൈന്ദവ ആചാരപ്രകാരമായിരുന്നു റോഡ് പ്രവൃത്തിയുടെ ഭൂമി പൂജ ഒരുക്കിയിരുന്നത്.  പൂജാരിയും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, പ്രവൃത്തി ഉദ്ഘാടനം ചെയ്യാനെത്തിയ എം.പി, ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍റെ മാത്രം ആചാരമായി ചടങ്ങ് നടത്തരുതെന്ന് നിർദേശിക്കുകയായിരുന്നു. സർക്കാറിന്‍റെ നയം എന്താണെന്ന് നിങ്ങൾക്കറിയില്ലേയെന്ന് എം.പി ഉദ്യോഗസ്ഥരോട് ചോദിക്കുകയും ചെയ്തു.

കാവി വസ്ത്രം ധരിച്ച ഹിന്ദു പുരോഹിതനെ ചൂണ്ടിയാണ് മറ്റ് മതങ്ങളുടെ ആളുകളെവിടെയെന്ന് എം.പി ചോദിച്ചത്. ‘ഇതെന്താണ്? എവിടെ മറ്റ് മതക്കാർ. ക്രിസ്ത്യൻ, മുസ്ലിം എവിടെ. ചർച്ചിലെ ഫാദറിനെ ക്ഷണിക്കൂ, പള്ളിയിലെ ഇമാമിനെ ക്ഷണിക്കൂ, മതമില്ലാത്തരെയും ക്ഷണിക്കൂ, നിരീശ്വരവാദികളായ ദ്രാവിഡർ കഴകം പ്രതിനിധികളെയും ക്ഷണിക്കൂ’ -എം.പി ആവശ്യപ്പെട്ടു.

ഇത് ദ്രാവിഡ മാതൃകയിലുള്ള സർക്കാറാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള എല്ലാതരം ആളുകളുടെയും സർക്കാറാണിത്. പൂജ നടത്തുന്നതിന് ഞാൻ എതിരല്ല. എന്നാൽ എല്ലാവരെയും ഉൾക്കൊള്ളണമെന്ന് മാത്രം -എം.പി വ്യക്തമാക്കി. പൂജക്കുള്ള തയാറെടുപ്പുകളെല്ലാം എടുത്തുമാറ്റാനും എം.പി നിർദേശിച്ചു.

ഭൂമി പൂജ നടത്താതെ തന്നെ അദ്ദേഹം പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പൂജ നടക്കുന്ന സ്ഥലത്തെ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിന്‍റെ വിഡിയോ എം.പി ട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് എം.പിയുടെ നടപടിയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

Share
error: Content is protected !!