ദൃശ്യം മോഡൽ കൊലപാതകം വീണ്ടും; 12 കാരിയെ കൊന്നശേഷം കാണാതായെന്ന് വരുത്തിത്തീർത്തു, ദമ്പതികൾ അറസ്റ്റിൽ

കൊലപാതകം ഒളിപ്പിക്കുന്നതിലും തെളിവ് നശിപ്പിക്കുന്നതിലും മികവ് കാട്ടി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മോഹൻലാൽ ചിത്രം ദൃശ്യം മോഡലിൽ വീണ്ടും കൊലാപാതം. കേരളത്തിൽ പല കൊലപാതകങ്ങൾക്കും ദൃശം സിനിമ പ്രചോദനമായിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിനെ അനുകരിച്ചുകൊണ്ട് മുംബെയിലും കൊലപാതകം അരങ്ങേറിയത്. മുംബൈ സ്വദേശികളായ സന്ദേശ് ഗണപത് – ജ്യോതി ദമ്പതികളാണ് കേസിലെ പ്രതികൾ.

സഹോദരിയുടെ മകളായ 12 വയസുകാരിയായ ജാൻവി ഹദാലിനെ കൊന്ന ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു പ്രതികളായ സന്ദേശ് ഗണപത് ഹദാലും ഭാര്യ ജ്യോതി ഹദാലും. പ്രതിയായ സന്ദേശിൻ്റെ സഹോദരിയും അവരുടെ ഭർത്താവും വിവാഹബന്ധം വേർപ്പെടുത്തി കഴിയുന്നതിനാൽ പെൺകുട്ടിയും സഹോദരനും അമ്മാവനായ സന്ദേശിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് കൊലപാതകം.

പെൺകുട്ടിയെ ‘കാണാതായ’ ദിവസം ഇവർ അവളെ സ്കൂളിലാക്കിയെന്നും അതിനു ശേഷം പിന്നീട് കാണാതായെന്നുമാണ് ദമ്പതികൾ പൊലീസിൽ നിൽകിയ പരാതിയിൽ പറഞ്ഞത്. പിന്നീട് പലയിടത്തു നിന്നും അവളെ കണ്ടുവെന്ന് പറഞ്ഞ് പൊലീസിനെ സമീപിക്കുകയും ചെയ്തു. എന്നാൽ ഇവർ പറയുന്നതനുസരിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ഏപ്രിൽ 19നാണ് പെൺകുട്ടിയെ ‘കാണാതാ’വുന്നത്. എന്നാൽ ഏപ്രിൽ 20ന് അമ്മാവനും അമ്മായിയും പെൺകുട്ടി സ്കൂളിൽ നിന്ന് തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഏപ്രിൽ 20 ന് സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പെൺകുട്ടി ഉണ്ടായിരുന്നില്ല. അധ്യാപകരോട് സംസാരിച്ചപ്പോൾ പെൺകുട്ടി സ്കൂളിൽ ഹാജരായിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ദമ്പതികൾ കുട്ടിയെ ദഹിസാറിൽ വെച്ച് കണ്ടുവെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചു. പൊലീസ് അവിടെ അന്വോഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗൊറെഗാവിൽ ഒരു ആൺകുട്ടിക്കൊപ്പം ബൈക്കിൽ പോകുന്നത് കണ്ടുവെന്ന് പറഞ്ഞ് ദമ്പതികൾ വീണ്ടും പൊലീസിനെ സമീപിച്ചു. പക്ഷേ, പൊലീസിന് അപ്പോഴും അവളെ കണ്ടെത്താനായില്ല. ഇങ്ങനെ അഞ്ചുതവണയായി ദമ്പതികളും സുഹൃത്തക്കളും പെൺകുട്ടിയെ കണ്ടെന്ന് പൊലീസിനെ അറിയിച്ചു. എന്നാൽ സി.സി.ടി.വി പരിശോധിച്ചിട്ടുപോലും പൊലീസിന് ഇവിടങ്ങളിലൊന്നും പെണ്കുട്ടിയ കണ്ടെത്താനായില്ല. ഇത് പൊലീസിന് സംശയത്തിനിടനൽകി. തുടർന്ന് പൊലീസ് ദമ്പതികളെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി.

ദമ്പതികൾക്കൊപ്പം കഴിയുന്ന പെൺകുട്ടിയുടെ ഒമ്പതു വയസുകാരനായ അനുജൻ്റെ മൊഴി കേസിൽ നിർണായകമായി. അമ്മാവൻ വടികൊണ്ട് ചേച്ചിയെ തലക്കടിച്ചുവെന്നാണ് ഒമ്പത് വയസുകരാൻ പൊലീസിനോട് പറഞ്ഞത്. ഡോക്ടറുടെ അടുത്തുകൊണ്ടുപോയ ശേഷം ചേച്ചി സ്കൂളിലേക്ക് പോയെന്ന് പറഞ്ഞുവെന്നും പിന്നീട് തിരിച്ചു വന്നിട്ടില്ലെന്നും അനുജൻ പറഞ്ഞു.

അഞ്ചു തവണ അജയ് ദേവ്ഗൺ നായകനായ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പ് അമ്മാവനും അമ്മായിയും മൊബൈലിൽ കണ്ടു​വെന്നും തുടർച്ചയായി ഈ സിനിമ തന്നെ കാണുന്നതെന്തെന്ന് ചോദിച്ചപ്പോൾ, സിനിമ വളരെ രസകരമായതിനാലാണ് ആവർത്തിച്ച് കാണുന്നതെന്ന് മറുപടി നൽകിയെന്നും കുട്ടി പൊലീസിനോട് പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തുള്ള ഡോക്ടറുടെ ക്ലിനിക്കിൽ കുട്ടിയെ കൊണ്ടുപോയതായി കണ്ടെത്തി. തലക്ക് ഗുരുതര പരിക്കേറ്റതിനാൽ കൂടുതൽ സൌകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചുവെന്നും ഡോക്ടർ പറഞ്ഞു.

കുട്ടിയെ ഡോക്ടറുടെ ക്ലിനിക്കിൽ കൊണ്ടുപോയത് സമീപത്തെ പൂക്കടയുടെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ദമ്പതികൾ കടയുടമയോട് സി.സി.ടി.വി ദൃശ്യങ്ങൾ എത്ര ദിവസങ്ങളുടെത് വരെ ബാക്ക് അപ് ചെയ്യുമെന്ന് അന്വേഷിച്ചതായി കടയുടമയും പൊലീസിനെ അറിയിച്ചു.

അ​ന്വേഷണം തുടരുന്നതിനിടെ ദമ്പതികളുടെ അയൽവാസികളുടെ മൊഴിയെടുത്തപ്പോൾ ഏപ്രിൽ 20 ന് ശേഷം കുട്ടിയെ കണ്ടില്ലെന്ന് അവർ പറഞ്ഞു. തിയതി ഓർമയിലിരുന്നതെങ്ങനെ എന്ന ചോദ്യത്തിന് അത് ദമ്പതികൾ തന്നെ ഓർമിപ്പിച്ചതാണെന്ന് അവർ മറുപടി നൽകി. ഏപ്രിൽ 20 ന് അവളെ എന്നോടൊപ്പം നിങ്ങൾ കണ്ടില്ലെ, അതിനു ശേഷം അവളെ കാണാനില്ലെന്ന് ദമ്പതികൾ അയൽവാസികളോട് പറഞ്ഞിരുന്നു. അങ്ങനെയാണ് തിയതി ഓർത്തതെന്നും അയൽവാസികൾ പറഞ്ഞു. അതോടെ സിനിമാ ട്രിക്ക് ഉപയോഗിച്ച് കൊലപാതകം മറക്കാനുള്ള ശ്രമമാണ് ദമ്പതികൾ നടത്തുന്നതെന്ന് ഉറപ്പായി. ദൃശ്യം സിനിമയിലും പ്രതി പറഞ്ഞ് പ്രചരിപ്പിച്ച് തെറ്റായ തിയതി ഉറപ്പിക്കുന്ന ട്രിക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തുടർന്ന് ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകം തെളിഞ്ഞു. തലക്കടിയേറ്റ് കുട്ടി മരിച്ചുവെന്നും ചെളിയിൽ താഴ്ത്തിയെന്നുമാണ് ദമ്പതികൾ പൊലീസിനോട് സമ്മതിച്ചത്. തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തുക, അനധികൃതമായി പെൺകുട്ടിയെ തടഞ്ഞുവെക്കുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാൽ ദൃശ്യം മോഡലിൽ മൃതദേഹം കണ്ടെത്താൻ പൊലീസിന് ഇതുവരെ ആയിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!