അമേരിക്കൻ പ്രസിഡണ്ട് സൗദിയിൽനിന്നും മടങ്ങി. ഖഷോഗി വധത്തിൽ ബൈഡന് ചുട്ട മറുപടി നൽകി കിരീടാവകാശി
രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിൽ നിന്നും
മടങ്ങി. മക്ക അൽ മുഖറമ മേഖല ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎസ് പ്രസിഡന്റിന് യാത്രയയപ്പ് നൽകി.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ നേതാക്കൾ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കസെമി, ജോർദാൻ രാജാവ് അബ്ദുല്ല ബിൻ അൽ ഹുസൈൻ എന്നിവരുടെ സാന്നിധ്യത്തിൽ ജിദ്ദയിലെ സുരക്ഷയ്ക്കും വികസനത്തിനുമുള്ള ഉച്ചകോടിയിൽ ബിഡൻ പങ്കെടുത്തിരുന്നു.
പ്രശസ്ത മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് കിരീടാവകാശി കുറ്റക്കാരനെന്ന രീതിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചതിന്, കിരീടാവകാശി തിരിച്ചടിച്ചു. ദ്വിദിന സന്ദർശനത്തിനായി സൌദിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ സംസാരിച്ചിരുന്നത്.
ജമാൽ ഖഷോഗിയുടെ വധം ദൗർഭാഗ്യകരമായെന്നും, സംഭവത്തിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞതായി സൗദിയും അമേരിക്കയും തമ്മിലുള്ള ചർച്ചയിൽ പങ്കെടുത്ത ഒരു സ്രോതസ്സ് പറഞ്ഞു.
ലോകത്ത് പലസ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് കിരീടാവകാശി ബൈഡനോട് വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം തെറ്റുകൾ സംഭവിക്കുന്നത് തടയാൻ രാജ്യം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ ഊന്നിപ്പറഞ്ഞു.
ഇറാഖിലെ അബൂഗരീബ് ജയിൽ സംഭവം അടക്കം അമേരിക്കയുടെ ഭാഗത്തും നിരവധി തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം പിഴവുകളെ ബന്ധപ്പെട്ട രാജ്യങ്ങൾ തന്നെ കൈകാര്യം ചെയ്യുകയും തുടർന്നും അത്തരം തെറ്റുകൾ ആവർത്തിക്കാതെ നോക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടതന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൂണ്ടിക്കാട്ടി.
ഫലസ്തീനി വംശജയായ അമേരിക്കൻ മാധ്യമപ്രവർത്തക ശിരീൻ അബൂഅഖ്‌ല ഇസ്രായിൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അടുത്തിടെയാണ്. ഈ പ്രശ്‌നത്തിൽ അമേരിക്കയും ലോക രാജ്യങ്ങളും എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും കിരീടാവകാശി ചോദിച്ചു.
എല്ലാ രാജ്യങ്ങൾക്കും അവർ അംഗീകരിക്കുകയും മറ്റുള്ളവർ വിയോജിക്കുകയും ചെയ്യുന്ന ചില മൂല്യങ്ങളുണ്ടെന്നും ബലപ്രയോഗത്തിലൂടെ മറ്റുള്ളവരുടെ മൂല്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സിനും സൌദിക്കും, അവർ അംഗീകരിക്കുകയും മറ്റുള്ളവർ വിയോജിക്കുകയും ചെയ്യുന്ന നിരവധി മൂല്യങ്ങളുണ്ടെന്നും അവ ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വലിയ വിപരീത ഫലമുണ്ടാക്കുമെന്നും കിരീടാവകാശി വ്യക്തമാക്കി.
ഓരോ രാജ്യത്തിനും വ്യത്യസ്ത മൂല്യങ്ങൾ ഉണ്ടെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞുവെന്നും മൂല്യങ്ങളും തത്വങ്ങളും 100 ശതമാനം പങ്കിടുന്ന രാജ്യങ്ങളുമായി മാത്രമേ അമേരിക്ക ഇടപെടുകയുള്ളൂവെന്ന് കരുതുന്നുവെങ്കിൽ, നാറ്റോ മാത്രമേ നിലനിൽക്കൂ, അതിനാൽ നാം ജീവിക്കുന്ന വ്യത്യാസങ്ങൾക്കിടയിലും നമ്മൾ പരസ്പരം സഹവർത്തിത്വം പുലർത്തണം കിരീടാവകാശി കൂട്ടിച്ചേർത്തു.
ശരിയായതും നല്ലതുമായ മൂല്യങ്ങളും തത്വങ്ങളും മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ എല്ലായ്‌പ്പോഴും സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക