ദുരിതം വിതച്ച് കോഴിക്കോട് കനത്ത മഴ; കോഴിക്കോട് രണ്ട് പേരും വയനാട്ടിൽ ഒരാളും മരിച്ചു

ദുരിതം വിതച്ച് കോഴിക്കോട് മഴ കനത്തു. ശക്തമായ മഴക്കെടുതിയിൽ കോഴിക്കോട് രണ്ടു പേരും വയനാട്ടിൽ ഒരാളും മരിച്ചു. ചെറുവണ്ണൂർ കൊളത്തറ അറക്കൽ പാടത്ത് വിദ്യാർഥി കുളത്തിൽ വീണാണ് മരിച്ചത്.

അമ്മോത്ത് വീട്ടിൽ മുസാഫിറിന്റെ മകൻ മുഹമ്മദ് മിർഷാദ് (12) ആണു മരിച്ചത്.  മദ്രസ വിട്ട് സൈക്കിളിൽ പോകുമ്പോൾ വലിയപറമ്പ് കുളത്തിൽ തെന്നിവീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലിശ്ശേരിയിൽ പായൽനിറഞ്ഞ അമ്പലക്കുളത്തിൽ വീണ് യുവാവും മരിച്ചു. എടച്ചേരി ആലിശ്ശേരി മാമ്പയിൽ അഭിലാഷ് (40) ആണ് മരിച്ചത്. പായലും ചെളിയും നിറഞ്ഞ കുളത്തിൽ അഭിലാഷിനെ കാണാതാവുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

എടച്ചേരി പൊലീസ് സ്റ്റേഷനിൽനിന്നു ലഭിച്ച വിവരത്തെ തുടർന്ന് നാദാപുരം അഗ്നിരക്ഷ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ സുജേഷ് കുമാർ, ഷമേജ് കുമാർ, ടി.വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ നാദാപുരം പേരാമ്പ്ര സ്ക്യൂബ ടീം നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. സ്ക്യൂബ ടീമംഗങ്ങളായ കെ.ബി.സുകേഷ്, പി.ആർ.സത്യനാഥ് എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.

വയനാട്ടിൽ മണ്ണിടിച്ചിലിലാണ് ഒരാൾ മരിച്ചത്. അമ്പലവയൽ തോമാട്ടുചാൽ നെടുമുള്ളിയിലാണ് മണ്ണിടിച്ചിലുണ്ടായത്. കോളിയാടി നായ്ക്കമ്പാടി കോളനിയിലെ ബാബു (37) എന്ന‍യാളാണ് മരിച്ചത്.

സ്ഥലത്ത് നിർമാണത്തിലിരുന്ന സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. അപകടത്തിൽപെട്ട ബാബുവിനെ പുറത്തെടുത്ത് സുൽത്താൻ ബത്തേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുൽത്താൻ ബത്തേരി, കൽപ്പറ്റ അഗ്നിശമന സേനയും അമ്പലവയൽ പൊലീസും സ്ഥലത്തെത്തി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!