നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി എത്തിയപ്പോഴാണ് പ്രതാപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയയും ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.

1985- ല്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 1987- ല്‍ ഋതുഭേദം എന്ന സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തു. 1988- ല്‍ പ്രതാപ് പോത്തന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച്‌ സംവിധാനം ചെയ്ത സിനിമയായ ഡെയ്സി മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായിരുന്നു. തുടര്‍ന്ന് ഏഴ് തമിഴ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.

1997-ല്‍ മോഹന്‍ലാലിനെയും ശിവാജി ഗണേശനെയും നായകന്‍മാരാക്കി ഒരു യാത്രാമൊഴി എന്ന സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തു. ഒരു ഇടവേളയ്ക്കുശേഷം പ്രതാപ് പോത്തന്‍ 1997-ല്‍ തേടിനേന്‍ വന്തത് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2005- ല്‍ തന്മാത്രയില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം മലയാളത്തില്‍ തിരിച്ചുവരുന്നത്.

അതിനുശേഷം മലയാളത്തിലും തമിഴിലിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ മികച്ച വില്ലന്‍ നടനുള്ള SIIMA അവാര്‍ഡ് പ്രതാപ് പോത്തന് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്‍റെ ആദ്യസംവിധാന സംരംഭമായ ബറോസിലാണ് ഒടുവില്‍ അഭിനയിച്ചത്. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി പന്ത്രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തകര,ലോറി, ചാമരം തുടങ്ങിവയാണ് പ്രതാപ് പോത്തന്‍ അഭിനയിച്ച പ്രധാന സിനിമകള്‍.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!