സൗദിയിൽ തൊഴിലാളികളുടെ അനുമതിയില്ലാതെ പ്രൊഫഷൻ മാറുന്നതായി അറിയിപ്പ്; ആശങ്കവേണ്ടതില്ലെന്ന് വിശദീകരണം.

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ അറിവോടെയല്ലാതെ പ്രൊഫഷൻ മാറിയതായി പല തൊഴിലാളികൾക്കും എസ്.എം.എസ് സന്ദേശം ലഭിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കാണ് അവർ അപേക്ഷ നൽകാതെ തന്നെ പ്രൊഫഷൻ മാറിയതായി എസ്.എം.എസ് മേഖേന അറിയിപ്പ് ലഭിച്ചത്. ഇത് തൊഴിലാളികളിൽ അമ്പരപ്പും ആശയകുഴപ്പവും സൃഷ്ടിച്ചു.

സംഭവത്തെ കുറിച്ച് അന്വോഷിക്കാൻ ലഭിച്ച എസ്.എം.എസ് അറിയിപ്പുമായി തൊളിലാളികളും തൊഴിലുടമകളും ലേബർ ഓഫീസുമായും, ജവാസാത്തുമായും ബന്ധപ്പെട്ടു. ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഇക്കാര്യത്തിൽ ആശങ്കവേണ്ടതില്ലെന്ന് സംഭവത്തെ കുറിച്ച് അന്വോഷിച്ച ശേഷം വിദഗ്ധർ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ ചില പ്രൊഫഷനുകളുമായി ബന്ധപ്പെട്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈയിടെ വ്യവസ്ഥകളിൽ മാറ്റം വരുത്തിയിരുന്നു. അതിന് ശേഷമാണ് പ്രൊഫഷൻ മാറ്റം വന്നുതുടങ്ങിയത്. ഇത് എല്ലാ പ്രൊഫഷനുകളിലുള്ളവരേയും ബാധിക്കില്ല. ഇപ്പോൾ മാറ്റം വരുത്തിയവർക്ക് ജോലി തുടരുന്നതിൽ പ്രയാസം നേരിടുകയുമില്ല.

ഡോക്ടര്‍, എക്സ്പേര്‍ട്ട്, സ്പെഷ്യലിസ്റ്റ്, എന്‍ജിനീയര്‍, സ്പെഷ്യലിസ്റ്റ് എക്സ്പേര്‍ട്ട്, കണ്‍ട്രോള്‍ ടെക്നീഷ്യന്‍, തൊഴിലാളി (ആമിൽ), സാദാ തൊഴിലാളി (ആമിൽ ആദി) എന്നീ എട്ടു പ്രൊഫഷനുകള്‍ മാറ്റാന്‍ തൊഴിലാളികളുടെ അനുമതി ആവശ്യമില്ലെന്ന വ്യവസ്ഥ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം ഈയിടെ നടപ്പിലാക്കിയിരുന്നു. കൂടാതെ ഈ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന വിദേശികൾ പ്രൊഫഷന്‍ മാറ്റണമെന്നും നിർദ്ദേശം നൽകിയിരുന്നു. അതനുസരിച്ച് ഇത് വരെ മാറ്റം വരുത്തിയിട്ടില്ലാത്തവരുടെ പ്രൊഫഷനുകളാണ് തൊഴിലാളികളുടെ അനുമതിയില്ലാതെ തന്നെ അധികൃതർ മാറ്റിതുടങ്ങിയത്. ഈ എട്ട് പ്രൊഫഷനുകളിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പുതിയ വിസകളും അനുവദിക്കില്ല.

സാധാരണയായി പ്രൊഫഷൻ മാറ്റത്തിന് ഈടാക്കുന്ന ഫീസ് ഈടാക്കാതെയാണ് ഇപ്പോൾ ഈ എട്ട് പ്രൊഫഷനുകളിലുള്ളവർക്ക് പ്രൊഫഷൻ മാറ്റിനൽകുന്നത്. റദ്ദാക്കിയ പ്രൊഫഷനുകളുടെ തിരുത്തല്‍ ആയാണ് ഇപ്പോഴത്തെ പ്രൊഫഷന്‍ മാറ്റം പരിഗണിക്കുന്നത്. അതിനാലാണ് ഫീസ് ഈടാക്കാതിരിക്കുന്നത്.

എന്നാൽ ഫീസില്ലാതെ ഒരു തവണ മാത്രമേ പൊഫഷനില്‍ മാറ്റം വരുത്താന്‍ അനുവദിക്കുകയുള്ളൂ. വീണ്ടും തിരുത്തല്‍ വരുത്താന്‍ ആഗ്രഹിക്കുന്ന പക്ഷം പ്രൊഫഷന്‍ മാറ്റ സേവനം തെരഞ്ഞെടുത്ത് ഫീസ് അടക്കണം.

ഡോക്ടര്‍, എക്സ്പേര്‍ട്ട്, സ്പെഷ്യലിസ്റ്റ്, എന്‍ജിനീയര്‍, സ്പെഷ്യലിസ്റ്റ് എക്സ്പേര്‍ട്ട്, കണ്‍ട്രോള്‍ ടെക്നീഷ്യന്‍ എന്നീ പ്രൊഫഷനുകളുടെ വിശദാംശങ്ങള്‍ നല്‍കിയാണ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ പ്രൊഫഷനുകളില്‍ തിരുത്തല്‍ വരുത്തേണ്ടത്.

തൊഴിലാളി, സാദാ തൊഴിലാളി എന്നിവക്കു പകരം തെരഞ്ഞെടുക്കാവുന്ന 67 പ്രൊഫഷനുകള്‍ ഖിവാ പ്ലാറ്റ്ഫോം നിര്‍ണയിച്ചിട്ടുണ്ട്. ഈ പ്രൊഫഷനുകളിലേക്ക് മാറുന്നതോടെ തൊഴിലാളി സുരക്ഷിതരായിരിക്കും.

പെട്രോള്‍ ബങ്ക് തൊഴിലാളി, ഭക്ഷ്യവസ്തു സ്ഥാപനങ്ങളിലെ കൗണ്ടര്‍ തൊഴിലാളി, പേഴ്സണല്‍ കെയര്‍, റെഡിമിക്സ്, വാഹന പെയിന്റിംഗ്, കെട്ടിടങ്ങളുടെ ടെറസ്സ് ക്ലീനിംഗ്, ഫോര്‍ക് ലിഫ്റ്റ്, എംബ്രോയ്ഡറി, ഇലക്ട്രിക് ഉപകരണങ്ങളുടെ റിപ്പയറിംഗ്, ഫര്‍ണിച്ചര്‍ അസംബ്ലി, പ്ലാസ്റ്റിക്, ലോഹ ഉല്‍പന്നങ്ങളുടെ അസംബ്ലി, പച്ചക്കറികളും പഴവര്‍ഗങ്ങളും സൂക്ഷിക്കല്‍, പെസ്റ്റ് കണ്‍ട്രോള്‍, ഖനനം, പേപ്പര്‍ബോര്‍ഡ് അസംബ്ലി, ഹോട്ടല്‍ അറേഞ്ച്മെന്റ്, കാര്‍ പാര്‍ക്കിംഗ്, ഓഫീസ്, സ്ഥാപന ക്ലീനിംഗ്, ലോണ്‍ട്രി, ഇസ്തിരിയിടല്‍, കാര്‍പെറ്റ് ക്ലീനിംഗ്, വാഹന ക്ലീനിംഗ്, വാട്ടര്‍ ടാങ്ക് ക്ലീനിംഗ്, മലിനജലം, കന്നുകാലി ഫാം, പൗള്‍ട്രി ഫാം, മൊബൈല്‍ കാര്‍ വാഷിംഗ്, റോഡ് ക്ലീനിംഗ്, പാര്‍ക്ക് ക്ലീനിംഗ്, ഹാച്ചറി, അഗ്രിക്കള്‍ച്ചറല്‍ ആന്റ് അനിമല്‍ പ്രൊഡക്ഷന്‍ ഫാം, നഴ്സറി, ഹരിത പ്രദേശങ്ങള്‍, മത്സ്യകൃഷി, ഫോറസ്റ്റുകള്‍, മേയ്ച്ചില്‍പുറങ്ങള്‍, കാട്ടുതീ കെടുത്തല്‍, മത്സ്യബന്ധനം, ഖനി, ക്വാറി, നിര്‍മാണം, റോഡ് മെയിന്റനന്‍സ്, ടാറിംഗ്, ഖബറിസ്ഥാന്‍, പ്രിന്റിംഗ്, ബൈന്റിംഗ് ഫിനിഷിംഗ് ജോലികള്‍, ടെലികോം, ഐ.ടി കേബിള്‍ ഇന്‍സ്റ്റലേഷന്‍, കോണ്‍ക്രീറ്റ് മിക്സ്, കോണ്‍ക്രീറ്റ്, പൊളിക്കല്‍, പേക്കിംഗ്, സ്റ്റിക്കര്‍ പതിക്കല്‍, ഉല്‍പന്നങ്ങള്‍ തരംതിരിക്കല്‍, വര്‍ക്ക് ഷോപ്പ്, ട്രോളി ഉന്തല്‍, ചരക്ക് നീക്കത്തിനുള്ള ബൈക്ക്, മൃഗങ്ങള്‍ വലിക്കുന്ന വണ്ടികള്‍ ഓടിക്കല്‍, കയറ്റിറക്കല്‍, ഷെല്‍ഫുകള്‍ നിറക്കല്‍, സ്റ്റോര്‍, അടുക്കള ഉപകരണങ്ങളുടെ ക്ലീനിംഗ്, അടുക്കള, ഡ്രില്ലിംഗ് എന്നിവ അടക്കമുള്ള 67 പ്രൊഫഷനുകളിലേക്കാണ് തൊഴിലാളി, സാദാ തൊഴിലാളി പ്രൊഫഷനുകള്‍ മാറ്റേണ്ടത്.

മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റ്ഫോം, ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് , ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!