ഹജ്ജ് ആരോഗ്യ പദ്ധതി വൻ വിജയം; 38 തീർഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഈ വർഷത്തെ ഹജ്ജിലെ ആരോഗ്യ പദ്ധതികൾ വിജയിച്ചതായി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ പ്രഖ്യാപിച്ചു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള പകർച്ചവ്യാധികളിൽ നിന്നും ഹജ്ജ് മുക്തമായിരുന്നു. മഹാമാരി കാലത്ത് നടപ്പിലാക്കിയ ആസൂത്രണങ്ങൾ വിജയിച്ചതായി മന്ത്രി പറഞ്ഞു. ഇത് വരെ പുണ്യസ്ഥലങ്ങളിൽ 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചവരെ ആരോഗ്യ പ്രോട്ടോക്കോളുകൾക്കനുസൃതമായി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. എങ്കിലും അവർക്ക് ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാൻ പ്രത്യേക സൌകര്യമൊരുക്കിയിരുന്നു. തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി 25,000-ലധികം ആരോഗ്യ പ്രാക്ടീഷണർമാർ സജ്ജമായിരുന്നു. 230-ലധികം ആരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കിയത്. 2000-ലധികം സന്നദ്ധപ്രവർത്തകരും ആരോഗ്യ സേവനങ്ങളോട് സഹകരിച്ചുവെന്നും മന്ത്രി അറിയിച്ചു.
10 പേർക്ക് ഓപ്പൺ ഹാർട്ട് സർജറികൾ, 447 ഡയാലിസിസ് സെഷനുകൾ, വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ വഴി വെർച്വൽ സേവനങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഓപ്പറേഷനുകൾ നടത്തിയതിന് പുറമെ, 1,30,000 തീർഥാടകർക്ക് വിവിധ ആരോഗ്യ സേവനങ്ങൾ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
പരിക്കേറ്റ തീർഥാടകരെ കൊണ്ടുപോകാൻ 24 മണിക്കൂറും സൗദി റെഡ് ക്രസന്റ് അതോറിറ്റി ഒരു ഫ്ലയിംഗ് ആംബുലൻസ് സേവനം സജ്ജമായിരുന്നു. 17 ലധികം കേസുകൾ എയർ ആംബുലൻസുകൾ വഴി കൈകാര്യം ചെയ്തു.
ഈ വർഷത്തെ ഹജ്ജിന്റെ ആരോഗ്യ പദ്ധതികളുടെ വിജയത്തിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ഏജൻസികളുടെ സഹകരണം നിർണായക പങ്ക് വഹിച്ചെന്നും മന്ത്രി വിശദീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക