ശ്രീലങ്കയിൽ രൂക്ഷമായ കലാപം; പ്രക്ഷോഭത്തിൽ സൈനികരും കായികതാരങ്ങളും, പ്രസിഡൻ്റ് രാജി സന്നദ്ധത അറിയിച്ചു

ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായി. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. പ്രസിഡണ്ടിൻ്റെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്.

ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്.

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്. പ്രക്ഷോഭകർ ട്രൈൻ പിടിച്ചെടുത്തു. കലാപകാരികൾക്ക് നേരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭം നടത്തുന്നവരിൽ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും പങ്കെടുത്തു. ഒരു പരാജയപ്പെട്ട ഭരണാധികാരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇപ്പോൾ ഒന്നിച്ചതു പോലെ മുൻപൊരിക്കലും ഒന്നിച്ചു കണ്ടിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജയസൂര്യ പ്രക്ഷോഭകർക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു. ജയസൂര്യയ്ക്കു പുറമേ ശ്രീലങ്കയുടെ മുൻ താരങ്ങളായ കുമാർ സംഗക്കാര, മഹേള ജയവർധനെ എന്നിവർ പ്രതിഷേധക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ‘ഇതു നമ്മളുടെ ഭാവിയ്ക്കു വേണ്ടി’യെന്ന് പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതി വളയുന്ന വിഡിയോ ട്വീറ്റു ചെയ്തു കൊണ്ട് സംഗക്കാര പറഞ്ഞു.

 

 

അതേസമയം, പ്രക്ഷോഭം മുന്നിൽക്കണ്ട് നേരത്തേതന്നെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നതായാണ് റിപ്പോർട്ടുണ്ട്. അദ്ദേഹം സൈനിക ആസ്ഥാനത്തുണ്ടെന്നാണ് വിവരം. അതിനിടെ, ഗോട്ടബയ രാജ്യം വിട്ടതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇരച്ചെത്തിയ പ്രക്ഷോഭകരെ തടയാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. പ്രക്ഷോഭത്തിനിടെ പരുക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. ഇതിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. തലസ്ഥാനത്ത് റോഡ്, റെയിൽ ഗതാഗത നിയന്ത്രണം പ്രക്ഷോഭകർ ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്.

സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോഗം വിളിച്ചു. പാർലമെന്റ് വിളിച്ചു ചേർക്കാൻ പ്രധാനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ബാർ അസോസിയേഷനും പൊലീസ് മേധാവിക്കെതിരെ പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച കർഫ്യൂ ഉത്തരവ് പൊലീസ് പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടതെന്നാണ് വിവരം.

Share
error: Content is protected !!