പ്രവാചക നിന്ദക്കെതിരെ സൈബർ ആക്രമണം: തത്സമയ സംപ്രേഷണത്തിനിടയിൽ ഇന്ത്യൻ വാർത്താ ചാനൽ നിലച്ചു; പൊടുന്നനെ സ്ക്രീനിൽ തെളിഞ്ഞത് പാക്കിസ്ഥാൻ പതാക
ബി.ജെ.പി വക്താവ് ആയിരുന്ന നൂപുർ ശർമ്മയുടെ പ്രവാചക നിന്ദാ പരാമർശത്തെ തുടർന്ന് ഇന്ത്യ വ്യാപകമായി സൈബർ ആക്രമണം നേരിടുന്നതായി റിപ്പോർട്ട്. ‘ഇന്ത്യ ടുഡേ ടി. വി’ ചാനലാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർമാർ ഇന്ത്യക്കെതിരെ സൈബർ യുദ്ധം നടത്തിയതായി അഹമ്മദാബാദ് പൊലീസിന്റെ ക്രൈംബ്രാഞ്ച് ഇന്ത്യ ടുഡേ ടി. വിയോട് പറഞ്ഞു.
ഹാക്കർ ഗ്രൂപ്പായ ഡ്രാഗൺ ഫോഴ്‌സ് മലേഷ്യയും ഹാക്ക്‌റ്റിവിസ്റ്റ് ഇന്തോനേഷ്യയും സൈബർ ആക്രമണങ്ങൾ ആരംഭിക്കുകയും ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ലോകമെമ്പാടുമുള്ള മുസ്‌ലിം ഹാക്കർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തതായി ക്രൈം ബ്രാഞ്ച് പറയുന്നു.
അഹമ്മദാബാദിലെ സൈബർ ക്രൈം ടീം ഉദ്യോഗസ്ഥർ മലേഷ്യൻ, ഇന്തോനേഷ്യൻ സർക്കാരുകൾക്കും ഇന്റർപോളിനും നോട്ടീസ് അയച്ചിട്ടുണ്ട്. താനെ പൊലീസ്, ആന്ധ്രാപ്രദേശ് പൊലീസ്, അസമിലെ ഒരു വാർത്താ ചാനൽ എന്നിവയുൾപ്പെടെ രണ്ടായിരത്തിലധികം വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു തത്സമയ സംപ്രേഷണത്തിനിടയിൽ വാർത്താ ചാനൽ നിന്നുപോയി, പാകിസ്താന്റെ പതാക സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. “ഹാക്ക് ബൈ ടീം റെവല്യൂഷൻ പി.കെ” എന്ന വാചകത്തോടെ ചാനലിന്റെ താഴത്തെ ബാൻഡിൽ “റസ്‌പെക്ട് ദി ഹോളി പ്രൊഫിറ്റ് ഹസ്രത്ത് മുഹമ്മദ്” എന്നും എഴുതിക്കാട്ടി.
നപൂർ ശർമ്മയുടെ വിലാസം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പോലും സൈബർ കുറ്റവാളികൾ ഓൺലൈനിൽ പ്രചരിപ്പിച്ചു. നിരവധി പേരുടെ ആധാർ കാർഡ്, പാൻ കാർഡ് വിവരങ്ങളും ഓൺലൈനിൽ ചോർന്നിട്ടുണ്ട്. നൂപൂർ ശർമ്മയുടെ വിദ്വേഷ പരാമർശങ്ങൾ ആഗോള വിവാദത്തിന് കാരണമായിരുന്നു. നിരവധി രാജ്യങ്ങൾ അവരുടെ അഭിപ്രായത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. വ്യാപകമായ പ്രതിഷേധവും സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ പിൻവലിക്കലും ഉണ്ടായി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക