ഇന്ന് അറഫ സംഗമം; പത്ത് ലക്ഷം തീർഥാടകർ അറഫയിൽ സമ്മേളിക്കും – വീഡിയോ

ഹജ്ജിലെ ഏറ്റവും സുപ്രധാനമായ കർമ്മമായ അറഫ സംഗമം ഇന്ന്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ ഭാഷക്കാരായ പത്ത് ലക്ഷത്തോളം ഹജ്ജ് തീർഥാടകർ ഇന്ന് സൂര്യാസ്തമനം വരെ അറഫ മൈതാനിയിൽ പ്രാർത്ഥനകളുമായി കഴിച്ച് കൂട്ടും. ഇന്നലെ രാത്രി മുതൽ തന്നെ മിനയിൽ നിന്ന് തീർഥാടകർ അറഫയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. മുഴുവൻ തീർഥാടകരും ഇന്ന് ഉച്ചക്ക് മുമ്പായി അറഫയിൽ എത്തിച്ചേരും.

ഹജ്ജിലെ ഒഴിച്ച് കൂടാനാകാത്ത കർമ്മമാണ് അറഫ. അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം. അതിനാൽ തന്നെ ആശുപത്രികളിലും മറ്റും കഴിയുന്ന തീർഥാടകരെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലും അറഫയിലെത്തിച്ച് കർമ്മങ്ങളിൽ പങ്കാളിയാക്കും. പകൽ നമസ്കാരങ്ങളായ ളുഹ്റും അസ്റും ഒന്നിച്ചു നിർവഹിച്ച് സൂര്യാസ്തമയം വരെ തീർഥാടകർ അറഫയിൽ പ്രാർഥനാനിമഗ്നരാകും.

പ്രവാചകന്റെ പ്രസംഗത്തെ, ഓർമിപ്പിക്കുന്ന അറഫാ പ്രഭാഷണം വെള്ളിയാഴ്ച ഉച്ചക്ക് നടക്കും. നമീറ പള്ളിയിൽ നടക്കുന്ന അറഫാ പ്രഭാഷണം സൗദിയിലെ പണ്ഡിതസഭ അംഗവും മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസയാണ് ഇത്തവണ നിർവഹിക്കുന്നത്.

വെള്ളിയാഴ്ച തീർഥാടകർ അറഫ മൈതാനിയിൽ സമ്മേളിക്കുമ്പോൾ, അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ലോകമുസ്ലീംഗൾ നോമ്പെടുക്കും. വെള്ളിയാഴ്ച സൂര്യാസ്തമനത്തിന് ശേഷം തീർഥാടകർ അറഫയിൽ നിന്ന് നീങ്ങി മുസ്ദലിഫ എന്ന ഇടത്താവളത്തിലെത്തും. വെള്ളിയാഴ്ച രാത്രി മുസ്ദലിഫയിൽ തങ്ങുന്ന ഹാജിമാർ ശനിയാഴ്ച വീണ്ടും മിന താഴ്‌വരയിലെത്തും. മിനയിൽ പിശാചിൻ്റെ സ്തൂപമായ ജംറകളിൽ കല്ലെറിയലാണ് പിന്നീടുള്ള ചടങ്ങുകൾ. ശേഷം മക്കയിലെ ഹറം പള്ളിയിലെത്തി ത്വവാഫും സഅയും നിർവ്വഹിച്ച് മിനയിലേക്ക് തിരിച്ചെത്തും. തുടർന്നുള്ള ദിവസങ്ങളിൽ ഹജ്ജ് തീരുന്നത് വരെ തീർഥാടകർ മിനയിലാണ് കഴിച്ച് കൂട്ടുക.

മക്കയിലെ ഹറം പള്ളിക്ക് കിഴക്കായാണ് തമ്പുകളുടെ നഗരമായ മിന സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്യഭൂമി കൂടിയാണ് മിന താഴ്‌വര. മക്കയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അറഫയിലേക്കുള്ള വഴിയിലാണ് മിന നഗരി. അറഫാത്തിലെ ജബല്‍ അല്‍-റഹ്‌മയില്‍ നിന്ന് ആരംഭിച്ച് മുസ്ദലിഫയിലൂടെ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ കാല്‍നട പാത മിനയിലാണുള്ളത്.

ഇന്ത്യയില്‍നിന്ന് 79,237 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. 56,637 ഹാജിമാര്‍ ഔദ്യോഗിക ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവര്‍ സ്വകാര്യ ഗ്രൂപ്പ് വഴിയുമാണ് എത്തിയത്. കേരളത്തില്‍നിന്ന് 5758 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

അറഫയിൽ നിന്നുള്ള വീഡിയോ കാണാം

 

Share
error: Content is protected !!