പ്രവാചകനെ അവഹേളിച്ച നൂപുർ ശർമയ്‌ക്കെതിരായ കോടതി വിമർശനം: സുപ്രീം കോടതിക്ക് തുറന്ന കത്ത്

ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ സുപ്രീം കോടതി നടത്തിയ വിമർശനത്തെ അപലപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് തുറന്ന കത്ത്. 15 മുൻ ജഡ്ജിമാർ, 77 മുൻ ഉദ്യോഗസ്ഥർ, സേനയിലെ 25 വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങി 117 പേരാണ് ഈ കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് അവർ ഒറ്റയ്‌ക്ക് ഉത്തരവാദിയാണെന്ന രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം ‘ഉദയ്പുർ ശിരഛേദത്തിന്റെ വെർച്വൽ കുറ്റവിമുക്തി’ ആണെന്ന് കത്തിൽ പറയുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരുടെ ബെഞ്ചിൽ നിന്നുള്ള നിർഭാഗ്യകരവും അഭൂതപൂർവവുമായ അഭിപ്രായങ്ങൾ ജുഡീഷ്യൽ ധാർമികതയുമായി പൊരുത്തപ്പെടുന്നില്ല. നുപൂറിന്റെ ഹർജിയിൽ ഉന്നയിച്ച വിഷയവുമായി നിരീക്ഷണങ്ങൾക്ക് ബന്ധമില്ല. നൂപുറിന്റെ കേസ് മറ്റൊരു പീഠത്തിൽ പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സുപ്രീം കോടതിയുടെ ഇത്തരമൊരു സമീപനം കയ്യടി അർഹിക്കുന്നില്ല. പരമോന്നത കോടതിയുടെ പവിത്രതയെയും മാഹാത്മ്യത്തെയും അത് ബാധിക്കുമെന്നും കത്തിൽ പറയുന്നു.

ബോംബെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, ഗുജറാത്ത് ഹൈക്കോടതി മുൻ ജഡ്ജി എസ്.എം.സോണി, രാജസ്ഥാൻ ഹൈക്കോടതി മുൻ ജഡ്ജിമാരായ ആർ.എസ്.റാത്തോഡ്, പ്രശാന്ത് അഗർവാൾ, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി എസ്.എൻ. ധിംഗ്ര, മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ആർ.എസ്.ഗോപാലൻ, എസ്.കൃഷ്ണ കുമാർ, മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ എസ്.പി.വൈദ്, പി.സി.ദോഗ്ര, ലഫ്റ്റനന്റ് ജനറൽ വി.കെ ചതുർവേദി (റിട്ടയേർഡ്), എയർ മാർഷൽ എസ്.പി.സിങ് (റിട്ടയേർഡ്) എന്നിവരുൾപ്പെടെയാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

രാജ്യത്തുടനീളം തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചു പരിഗണിക്കണമെന്ന നൂപുറിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയത്. അവരുടെ വിടുവായത്തം രാജ്യമാകെ തീപടർത്തിയെന്നും ഇപ്പോൾ നടക്കുന്നതിനെല്ലാം അവർ ഒറ്റയാളാണ് ഉത്തരവാദിയെന്നും ജഡ്ജിമാരായ സൂര്യകാന്ത്, ജെ.ബി.പർദിവാല എന്നിവർ ചൂണ്ടിക്കാട്ടിയിരുന്നു. വിലകുറഞ്ഞ പബ്ലിസിറ്റി, രാഷ്ട്രീയ അജൻഡ, മറ്റു നീച താൽപര്യങ്ങൾ എന്നിവയാണ് ഇത്തരം പരാമർശങ്ങൾക്കു പിന്നിലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!