വായ്പയെടുത്തത് 10,000 രൂപ, ഒരു മാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70,000, തിരിച്ചടവ് നിറുത്തിയതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

കോട്ടയം ജില്ലയില്‍ ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ പെരുകുന്നതായി സൈബര്‍ സെല്‍ വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. നിരവധിപേർ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയെന്നും ഒരു വര്‍ഷത്തിനിടെ നൂറോളം കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നുമാണ് ജില്ല സൈബര്‍സെല്‍ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. തട്ടിപ്പിനിരയാകുന്നവരില്‍ അധികവും വീട്ടമ്മമാരാണ്.

എറണാംകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലും ഇത്തരം ഓണ്ലൈൻ തട്ടിപ്പുകളിൽ നിരവധി പേർ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകാത്തത് തട്ടിപ്പ് സംഘത്തിന് അനുകൂലമാകുകയും ചെയ്യുന്നു.

40 വയസ്സിന് താഴെയുള്ളവരാണ് കെണിയില്‍ വീണതിൽ അധികവും. ഇടത്തരം കുടുംബങ്ങളെ ലക്ഷ്യവെച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് ലോബി പ്രവര്‍ത്തിക്കുന്നത്. മാസത്തില്‍ മൂന്നുമുതല്‍ 10 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മലയാളികളടക്കമുള്ളവര്‍ തട്ടിപ്പുസംഘത്തിലുണ്ടെന്നുമാണ് ജില്ല സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10,000 രൂപ വായ്പയെടുത്ത് ഒരു മാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70,000 രൂപയാണ്. തുടര്‍ന്നും പണം അടയ്ക്കില്ലെന്ന് വായ്പാ സംഘത്തെ വീട്ടമ്മ അറിയിച്ചു. ഇതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു.

ഫെയ്‌സ്ബുക്കിൽ  കണ്ട പരസ്യത്തിലൂടെയാണ് വീട്ടമ്മ വായ്പാ തട്ടിപ്പ് സംഘത്തിന്റെ കുരുക്കില്‍ പെട്ടത്. 10,000 രൂപയായിരുന്നു ഇവർക്ക് ആവശ്യം. ഇതിനായി ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ പറഞ്ഞത് പ്രകാരം ഇവർ ദത്താ റുപ്പി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തു. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നഘട്ടത്തിൽ ഗ്യാലറിയും കോണ്‍ടാക്റ്റും ആ‌ക്‌സസ് ചെയ്യാനുള്ള അനുവാദവും നല്‍കിയിരുന്നു. 10,000 രൂപ തിരിച്ചടച്ചതിന് ശേഷവും പുതിയൊരു യുപിഐ ഐഡി അയച്ചുതന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോണ്ടാക്‌ടുകൾ ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം ഫോണിലുണ്ടായിരുന്ന എണ്ണൂറോളം നമ്പറുകളിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഭീഷണികളും അയച്ചുതുടങ്ങി.  ഒപ്പം. മോര്‍ഫ് ചെയ്ത ചിത്രങ്ങളും. ഇതിനിടയില്‍ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന ആപ് വഴി 10,000 രൂപ കൂടി വായ്പയെടുപ്പിച്ചു. ശല്യം സഹിക്കാതെ പരാതിക്കാരി ഫോണ്‍ എടുക്കാതായാതോടെ കോണ്‍ടാക്റ്റിലുള്ള സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിത്തുടങ്ങി. ഇവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.   ഇത്തരത്തില്‍ നിരവധി വീട്ടമ്മമാര്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സൈബര്‍വിഭാഗം വെളിപ്പെടുത്തുന്നു.

കോവിഡ്, പ്രളയകാല സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് തട്ടിപ്പുസംഘം വലവിരിച്ചിരിക്കുന്നത്. ലളിതമായ വ്യവസ്ഥയില്‍ മിനിറ്റുകള്‍ക്കുള്ളിൽ ലോണ്‍ എന്ന പരസ്യവാചകമാണ് സാധാരണക്കാരെ ആകര്‍ഷിക്കുന്നത്. ആപ് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് പാസ്ബുക്കും പാന്‍കാര്‍ഡും അപ്ലോഡ് ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലോണ്‍ എന്നതാണ് വാഗ്ദാനം.

പത്താം കളമെന്ന് അറിയപ്പെടുന്ന കഴുത്തറപ്പന്‍ പണമിടപാടാണ് ഓണ്‍ലൈന്‍ ലോബികള്‍ നടത്തുന്നത്. 5000 രൂപ ലോണ്‍ അനുവദിച്ചാല്‍ 2800 രൂപ മാത്രമേ അക്കൗണ്ടിലെത്തൂ. ബാക്കി 2200 രൂപ പലിശയിനത്തില്‍ കമ്പനി അപ്പോള്‍തന്നെ കൈക്കലാക്കും. തിരിച്ചടക്കുമ്പോള്‍ അയ്യായിരവും അതിന്‍റെ പലിശയും വേറെ നല്‍കണം.

തിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണിയും അപവാദപ്രചാരണവും തുടങ്ങും. പണം അടച്ചുതീര്‍ത്താലും തട്ടിപ്പുകാര്‍ വെറുതെ വിടില്ല, പലിശ ഇനിയും ബാക്കിയുണ്ടെന്ന് കാണിച്ച് വീണ്ടും പിന്നാലെ കൂടും. കൂടാതെ, നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് ലോണിന് ജാമ്യക്കാരന്‍ തങ്ങളാണെന്നും പണമടച്ചില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും ഭീഷണി മുഴക്കും.

ഇത്തരത്തില്‍ ഓരോരുത്തരേയും മാനസികമായും കുടുംബപരമായും തകര്‍ക്കുന്ന നടപടികളാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ നടത്തുന്നതെന്നും ഇത്തരക്കാരില്‍നിന്നും അകലം പാലിക്കണമെന്നുമാണ് ജില്ല സൈബര്‍ സെല്‍ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share

One thought on “വായ്പയെടുത്തത് 10,000 രൂപ, ഒരു മാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70,000, തിരിച്ചടവ് നിറുത്തിയതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Comments are closed.

error: Content is protected !!