ഗർഭസ്ഥശിശു മരിച്ച ശേഷം രണ്ട് മാസം വയറ്റിൽ കൊണ്ടു നടന്നു; അണുബാധയിൽ യുവതിയും മരിച്ചു, ചികിത്സ നിഷേധിച്ച ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട കോഴഞ്ചേരിയിൽ ഭാര്യ മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ അനിത (28) മരിച്ച കേസിലാണ് ഭർത്താവ് കുറുന്താർ ജ്യോതി നിവാസിൽ എം. ജ്യോതിഷ് (31) ഇന്നലെ അറസ്റ്റിലായത്. ഗർഭിണിയായ യുവതിയും ഗർഭസ്ഥശിശുവും മരിക്കാനിടയാക്കിയ സംഭവത്തിൽ ഇയാൾ പ്രതിയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

മൂന്ന് വർഷം മുമ്പ് ജ്യോതിഷ് യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. യുവതിയുടെ വീട്ടുകാർ വിവാഹ സമയത്ത് പെൺകുട്ടിക്ക് നൽകിയ സ്വർണാഭരണങ്ങളും വാഹനവും വിറ്റ് ഇയാൾ ചെലവഴിച്ചുവെന്ന് വീട്ടുകാർ പറഞ്ഞു. പിന്നീട് ഇയാൾ ഭാര്യവീട്ടിലേക്ക് താമസം മാറ്റി. ജോലിക്കൊന്നും പോകാത്ത സ്വഭാവക്കാരനായിരുന്നു ജ്യോതിഷ്. അതിനാൽ തന്നെ ഭാര്യക്കും കുട്ടിക്കും ജീവതച്ചെലവിനും ഒന്നും നൽകാറുണ്ടായിരുന്നില്ല.

ആദ്യ പ്രസവം കഴിഞ്ഞ് അധികം വൈകാതെ തന്നെ യുവതി വീണ്ടും ഗർഭിണിയായി. എന്നാൽ ഈ വിവരം വീട്ടുകാരിൽ നിന്ന് മറച്ച് വെച്ചു. മാത്രവുമല്ല ഗർഭസ്ഥശിശുവിനെ നശിപ്പിക്കുവാനും ജ്യോതിഷ് ശ്രമിച്ചു. ഗർഭകാലത്ത് ഭാര്യക്ക് ആവശ്യമായ പരിചരണമോ ചികിത്സയോ നൽകാതായപ്പോൾ കുഞ്ഞ് വയറ്റിൽവെച്ച് മരിച്ചു.

തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഭാര്യയെ ഇയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വയറ്റിൽ വെച്ച് മരിച്ച കുട്ടിയെ നീക്കം ചെയ്യുന്നതിന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്യുകയായിരുന്നു. പക്ഷേ‍ ഇയാൾ അതിനു തയാറായില്ല. രണ്ട് മാസത്തോളം കുഞ്ഞ് വയറ്റിൽ കിടന്നതുമൂലം യുവതിക്ക് ശരീരമാസകലം അണുബാധ ഉണ്ടായി. കഴിഞ്ഞ മേയ് 19ന് യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 28ന് മരിച്ചു.

ഭാര്യയെ ആശുപത്രിയിലെത്തിച്ച ശേഷം അവിടെ നിന്നു മുങ്ങിയ പ്രതി ചികിത്സയ്ക്കായി പലരുടെ അടുക്കൽ നിന്നും പണം വാങ്ങിയെങ്കിലും ആ പണം സ്വന്തം കാര്യങ്ങൾക്കു ഉപയോഗിക്കുകയായിരുന്നു. സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.

അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ ആറന്മുള ഇൻസ്പെക്ടർ സി.കെ.മനോജ്, എസ്ഐമാരായ അനിരുദ്ധൻ, ഹരീന്ദ്രൻ, എഎസ്.സനിൽ, എസ്‌സിപിഒ സുജ അൽഫോൺസ്, സിപിഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!